മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഡോക്ടറുടെ ആത്മഹ്യ. എല്ലാവരോടും സൗഹൃദത്തോടെ ഇടപെടുന്ന എനര്‍ജറ്റിക്കായ ആളായിരുന്നു ഷേബ ഡോക്ടർ. ജോലി സമ്മര്‍ദ പരാതികള്‍ ഒന്നും ഷേബ പറഞ്ഞിരുന്നില്ലെന്നു സഹപ്രവര്‍ത്തകര്‍
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍ ഷേബാ റേയ്ച്ചല്‍ (ലക്ഷ്മി ആര്‍. പണിക്കര്‍ - 34) ജീവനൊടുക്കിയ സംഭവത്തിന്റെ ഞെട്ടല്‍ മാറാതെ സഹപ്രവര്‍ത്തകര്‍. ആശുപത്രിയിൽ വളരെ ആക്ടീവായി, സഹപ്രവർത്തകരുമായി നല്ല സൗഹൃദത്തിൽ പെരുമാറിയിരുന്ന യുവ ഡോക്ടറുടെ വിയോഗം സഹപ്രവർത്തകരെ ആകെ ദുഃഖത്തിലാഴ്ത്തി.
അതിനിടെ ഡോക്ടർ ഷേബയുടെ മരണം സംബന്ധിച്ച് ഇവരുടെ ഭർത്താവിന്റെതായി പുറത്തുവന്ന ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി .
ഷേബ ജോലി ചെയ്യുന്ന മാർ സ്ലീവാ മെഡിസിറ്റിയിലെ ജോലി സമ്മർദ്ദം കാരണമാണ് ഡോക്ടർ ജീവനൊടുക്കിയത് എന്ന സംശയം പ്രകടിപ്പിച്ചുകൊണ്ടുള്ളതാണ് ഭർത്താവിന്റെ കുറിപ്പ്.
അതേസമയം, ജോലി സമ്മര്‍ദം സംബന്ധിച്ച പരാതികള്‍ ഒന്നും ഷേബാ ഇതുവരെ പറഞ്ഞിരുന്നില്ലെന്നു സഹപ്രവര്‍ത്തകരും പറയുന്നു.
എപ്പോഴും ഊര്‍ജസ്വലയായി മാത്രമേ ഷേബയെ കണ്ടിട്ടുള്ളൂ. ആശുപത്രി സംഘടിപ്പിച്ചിരുന്ന പരിപാടികളുടെ മുന്‍ നിരയില്‍ ഷേബ ഉണ്ടാകുമായിരുന്നു.
എല്ലാവരോടും സോഷ്യലായി ഇടപെടുന്നയാളുമായിരുന്നു ഷേബ. ഷേബയുടെ മരണം ഉണ്ടാക്കിയതു ഞെട്ടലാണെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
എന്നാല്‍, മരണത്തിനു പിന്നില്‍ വിശ്രമമില്ലാത്ത ജോലിഭാരവും വകുപ്പ് മേധാവിയുടെ കടുംപിടുത്തവുമാണെന്നാണ് ഭര്‍ത്താവ് സുബിന്‍ പി. വര്‍ഗീസ് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിക്കുന്നത്. ഷേബയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി മണിക്കൂറുകൾക്കകമാണ് ഭർത്താവിന്റെ പോസ്റ്റ് പുറത്തുവന്നത്.
കഴിഞ്ഞ ബുധനാഴ്ച 24 മണിക്കൂര്‍ നീണ്ട ഡ്യൂട്ടി കഴിഞ്ഞെത്തിയ ഷേബയോട് വീണ്ടും ഡ്യൂട്ടിക്ക് കയറാന്‍ എച്ച്.ഒ.ഡി നിര്‍ബന്ധിച്ചുവെന്നു സുബിന്‍ പറയുന്നു.
ശാരീരികമായി അത്രമേല്‍ തളര്‍ന്നിട്ടും വീട്ടിലേക്കു വരാന്‍ അനുവാദം നല്‍കിയില്ല. ഒന്നു വിശ്രമിക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലും അവിടെ നിന്നു തന്നെ സോപ്പും തോര്‍ത്തും വാങ്ങി കുളിച്ച് അവള്‍ വീണ്ടും ഡ്യൂട്ടിക്ക് കയറി.
ഈ ജോലി എനിക്കു വയ്യ എന്ന് അന്നു സങ്കടത്തോടെ അവള്‍ എന്നോട് പറഞ്ഞിരുന്നുവെന്നും സുബിൻ പറയുന്നു .
പത്തനംതിട്ടയിലേക്ക് ഒരു മാറ്റത്തിനു വേണ്ടി ഷേബ ശ്രമിച്ചിരുന്നതായും ഭര്‍ത്താവിനൊപ്പം ഇരിക്കാന്‍ അവള്‍ അത്രമേല്‍ കൊതിച്ചിരുന്നുവെന്നും കുറിപ്പിൽ പറയുന്നുണ്ട്.
ശനിയാഴ്ച രാത്രി വീഡിയോ കോളില്‍ സംസാരിക്കുമ്പോള്‍ പോലും ജോലിയുടെ കഷ്ടപ്പാടുകള്‍ അവള്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെ ഫോണ്‍ എടുക്കാത്തതിനെത്തുടര്‍ന്നു ഹോസ്റ്റലിലെ സിസ്റ്ററെ വിളിച്ചു പരിശോധിച്ചപ്പോഴാണു ഷേബയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച ഷേബ സെര്‍വിക്കല്‍ ക്യാന്‍സര്‍ പ്രതിരോധ കുത്തിവയ്പ്പു എടുത്തിരുന്നു. വാക്സിന്‍ എടുത്ത ശേഷമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ക്കൊപ്പം അമിതമായ ജോലിഭാരവും മാനസിക സമ്മര്‍ദവും ചേര്‍ന്നപ്പോള്‍ അവള്‍ക്കു താങ്ങാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്നു സുബിന്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ അത്തരം ചെറിയ കാര്യങ്ങൾക്ക് മാനസികമായി തളരുന്ന പ്രകൃതമല്ല ഷേബയുടേത് എന്ന് സഹപ്രവർത്തകർ പറയുന്നു.
ജോലി സമ്മർദ്ദമാണ് കാരണമെങ്കില്‍ രാജിവച്ച് പോകാമെന്നിരിക്കെ അതിന്റെ പേരിൽ ഷേബ ആത്മഹത്യയിലേക്ക് പോകും എന്ന് ആരും വിശ്വസിക്കുന്നില്ല.
എന്നാൽ ഭർത്താവ് സുബിന്റെ പോസ്റ്റിനെ അടിസ്ഥാനമാക്കി ഇത് ഉപയോഗിച്ച് മെഡിസിറ്റിക്കെതിരെ നവമാധ്യമങ്ങളിൽ വ്യാപകമായ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്.