'ആക്രമണം പള്ളികള്‍ക്കുള്ളിലേക്കും വ്യാപിച്ചേക്കാം; രക്തസാക്ഷികളാകാന്‍ ക്രിസ്ത്യാനികള്‍ക്ക് മടിയില്ല': കേന്ദ്ര സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍

 
33333
കോട്ടയം: ക്രിസ്ത്യാനികള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. ക്രൈസ്തവ സമൂഹത്തിനെതിരേ നടക്കുന്ന ആക്രമണങ്ങളില്‍ ശരിയായ ബോധവല്‍കരണം ആവശ്യമാണെന്ന് അദേഹം പറഞ്ഞു.

കോട്ടയം പനയമ്പാല സെന്റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍ സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു കാതോലിക്ക ബാവ. ഏതു മതവും സത്യത്തിനും നീതിക്കും സ്നേഹത്തിനും സന്ദേശം നല്‍കുന്നതാണ്. പക്ഷേ ഏതു മതത്തിലും മതഭ്രാന്തന്മാര്‍ ഉണ്ടാകാം. ആ മതഭ്രാന്തന്മാരെ നിയന്ത്രിക്കാന്‍ ഏത് രാജ്യത്തായാലും അതിന്റെ ഭരണ കര്‍ത്താക്കള്‍ക്ക് കടമയുണ്ടെന്ന് അദേഹം പറഞ്ഞു.

അമേരിക്ക ഫോര്‍ അമേരിക്കന്‍സ് എന്ന് പറയുന്ന ട്രംപിനെ പോലെ ഇന്ത്യ ഫോര്‍ ഹിന്ദൂസ് എന്ന ആര്‍.എസ്.എസിന്റെ ആപ്തവാക്യം ഇന്ത്യയില്‍ ചെലവാകില്ല. അതിനുവേണ്ടി രക്തസാക്ഷികള്‍ ആകാന്‍ ക്രിസ്ത്യാനികള്‍ക്ക് ഒരു മടിയുമില്ല. കാരണം ക്രിസ്തീയ മതം ഉണ്ടായിരിക്കുന്നത് രക്തസാക്ഷിത്വത്തില്‍ കൂടിയും പീഡനത്തില്‍ കൂടിയുമാണ്.

പീഡനങ്ങളുടെ ചെറുത്തു നില്‍പ്പ് ഒന്നാം നൂറ്റാണ്ട് മുതല്‍ തുടങ്ങിയതാണ്. മാര്‍ത്തോമാ ശ്ലീഹ ഇന്ത്യയില്‍ വന്ന് സുവിശേഷം അറിയിച്ചപ്പോള്‍ ഇവിടെ ഉണ്ടായിരിക്കുന്ന ആളുകള്‍ ഇതെല്ലാം സ്വീകരിച്ചു. ഇവിടെ ആരെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചിട്ടില്ല. അങ്ങനെയായിരുന്നെങ്കില്‍ ഇന്ന് ഇന്ത്യയില്‍ കേവലം 2.7 ശതമാനം ക്രിസ്ത്യാനികളല്ല ഉണ്ടാകേണ്ടിയിരുന്നത്.

വളരെ തെറ്റായ സമീപനത്തില്‍ ആര്‍.എസ്.എസിന്റെ പോഷക സംഘടനകളായ ബജരംഗ്ദളും വിഎച്ച്പിയുമൊക്കെ ഈ സമൂഹത്തിലെ ക്രിസ്ത്യാനികളെ, അല്ലെങ്കില്‍ മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ടു. നമുക്കറിയാം കന്യാസ്ത്രീകള്‍ കഴിഞ്ഞപ്പോള്‍ വൈദികരായി.

പള്ളിയുടെ പുറത്തുള്ള ആഘോഷങ്ങള്‍ക്ക് പിന്നാലെ പള്ളിയ്ക്കുള്ളില്‍ കയറാന്‍ അധികം താമസം ഇല്ല. അത് നമ്മള്‍ പ്രതീക്ഷിച്ചിരിക്കണം. ഭരണഘടനയുടെ മുന്നില്‍ ഇന്ത്യയിലുള്ള എല്ലാ ജനങ്ങളും ഒരുപോലെ സ്വതന്ത്രരാണ്. അത് ഭൂരിപക്ഷ മതമെന്നോ ന്യൂനപക്ഷ മതമെന്നോ ഇല്ല. എല്ലാ മതത്തിനും ഒരുപോലെയുള്ള അവകാശമാണ്. ഏതു മതത്തില്‍ വിശ്വസിക്കുവാനും അത് പ്രാക്ടീസ് ചെയ്യുവാനും അത് പ്രചരിപ്പിക്കുവാനും ഉള്ള അവകാശമുണ്ടെന്നും കാതോലിക്ക ബാവ പറഞ്ഞു.

ആരാധനാലയങ്ങള്‍ നിര്‍മിക്കുവാനോ ആരാധിക്കുവാനോ ഉള്ള സ്വാതന്ത്ര്യം എല്ലാ മതങ്ങള്‍ക്കും ഒരുപോലെ തന്നെ ദൈവം നല്‍കുന്നതാണ്. അല്ലെങ്കില്‍ ഈ ഭരണഘടന നല്‍കുന്നതാണ്. അതിന് വിപരീതമായി പ്രവര്‍ത്തിക്കാന്‍ ഏതാനും ചില തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് അവകാശമില്ല. അത് നിയന്ത്രിക്കേണ്ടത് ഈ രാജ്യം ഭരിക്കുന്നവരാണ്.

അവര്‍ അതിനെതിരെ ശബ്ദമുയര്‍ത്താത്ത, അതിനെ അപലപിക്കാത്ത സാഹചര്യത്തില്‍ ഇത് അവരുടെ പദ്ധതിയുടെ ഭാഗമാണെന്ന് ക്രിസ്ത്യാനികള്‍ക്ക് അല്ലെങ്കില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കും. ഇന്ത്യയില്‍ വിദേശ മതം വേണ്ട എന്നാണ് ക്രൈസ്തവര്‍ക്കെതിരെ അക്രമം നടത്തുന്ന ഹിന്ദുത്വ വാദികളുടെ ആഹ്വാനം.

'ആരാണ് ഹിന്ദുക്കള്‍? രണ്ടായിരം ബിസിയില്‍ ഇറാനില്‍ നിന്ന് ഇവിടെ കുടിയേറിപ്പാര്‍ത്ത ആര്യന്മാര്‍ ബ്രാഹ്‌മണിക ആരാധന ഉണ്ടാക്കിയ ശേഷം ഉണ്ടായ ഒരു മതമാണ് ഹിന്ദുയിസം. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന ഒരു ആര്യനുമില്ല. ഒരു ഹിന്ദുവുമില്ല.

എല്ലാവരും ഈ പറയുന്ന ഇറാന്‍ പ്രദേശത്തു നിന്ന് വന്നവരാണ്. പക്ഷെ അവര്‍ വന്നപ്പോള്‍ ഒരു കാര്യം ചെയ്തത് അന്ന് വളരെ ശക്തമായിരിക്കുന്ന ഇന്‍ഡസ് വാലി സിവിലൈസേഷന്‍ ഉണ്ട്. മോഹന്‍ ജെദാരോ, ഹാരപ്പ എന്നുള്ളതൊക്കെ നമ്മള്‍ പഠിച്ചിട്ടുണ്ട്. ക്രിസ്തുവിന് മുന്‍പ് 4000 ബിസിയില്‍ ദ്രാവിഡന്മാര്‍ മുഖാന്തരം ഉണ്ടായതാണ് ഇന്‍ഡസ് വാലീ സിവിലൈസേഷന്‍'.

ദ്രാവിഡന്മാരും ഇവിടുത്തുകാരല്ല. ദ്രാവിഡന്മാര്‍ ആഫ്രിക്കയില്‍ നിന്ന് ഇറാന്‍ വഴി ഇന്ത്യയില്‍ എത്തിയവരാണ്. പക്ഷേ 2000 ബിസിയില്‍ വന്ന ആര്യന്മാര്‍ ഈ പ്രദേശങ്ങളെല്ലാം കൈയടക്കി ദ്രാവിഡന്മാരെ തെക്കോട്ട് പറഞ്ഞു വിട്ടു. അങ്ങനെ തെക്കോട്ട് പലായനം ചെയ്ത ദ്രാവിഡന്മാര്‍ ഇന്ന് സൗത്ത് ഇന്ത്യയില്‍ താമസിക്കുകയാണ്. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നീ ഈ നാല് ഭാഷകള്‍ സംസാരിക്കുന്നവരാണ് ദ്രാവിഡന്മാര്‍.

ഇത്തരത്തില്‍ 2000 ബിസിയില്‍ ഇവിടെ വന്നിരിക്കുന്നവര്‍ പറയുകയാണ് വിദേശികള്‍ എല്ലാം തിരിച്ചു പോകണമെന്ന്. ആരാണ് വിദേശി? ഹിന്ദുക്കള്‍ ഹിന്ദു വിശ്വാസത്തില്‍ ഇന്ത്യയില്‍ ജനിച്ചു വളര്‍ന്നവരാണ്. ഇവിടുത്തെ ക്രിസ്ത്യാനികള്‍ എഡി 52 മുതല്‍ ക്രിസ്തുമതം സ്വീകരിച്ച് ഇവിടെ ജനിച്ചു വളര്‍ന്ന ഈ രാജ്യത്തിന്റെ പൗരന്മാരാണ്.

ഇസ്രായേലില്‍ നിന്നുള്ള ആളുകള്‍ ആരും ഇവിടെ ക്രിസ്ത്യാനികള്‍ ആയിട്ടില്ല. അറബി രാജ്യത്തില്‍ നിന്ന് ആരും ഇവിടെ ക്രിസ്ത്യാനികള്‍ ആയിട്ടില്ല. ഇവിടെയുള്ളവര്‍ ഇന്ത്യന്‍ ഒറിജിനാണ്. ഇന്ത്യയില്‍ ജനിച്ച് വളര്‍ന്നവരാണ്. ഇവിടുത്തെ മുസ്ലിങ്ങള്‍ ആണെങ്കിലും അങ്ങനെ തന്നെയാണ്. അവര്‍ ഇവിടെ ജനിച്ചു വളര്‍ന്നവരാണ്.

മധ്യപൂര്‍വ്വ ദേശങ്ങളിലുള്ള മുസ്ലിങ്ങള്‍ ആരും ഇവിടെ ഇല്ല. ഇവിടെ ജനിച്ചു വളര്‍ന്ന മുസ്ലിങ്ങള്‍ മാത്രമേ ഇവിടെയുള്ളൂ. അപ്പോ ആ മതത്തിനും ഇവിടെ നില്‍ക്കാനുള്ള അവകാശമുണ്ട്. ക്രിസ്തു മതത്തിനും ഉണ്ട്. അതുപോലെ ഹിന്ദു മതത്തിനും ഉണ്ട്.

അതുകൊണ്ട് ഈ മതങ്ങള്‍ ഉണ്ടാകുന്നതും അതിന്റെ ചരിത്രവും അറിയാവുന്ന ആളുകള്‍ വിദേശികള്‍ പോകണമെന്ന് പറയുമ്പോള്‍ അവരുടെ അറിവില്ലായ്മയെ കുറിച്ച് വിലപിക്കുകയല്ലാതെ തരമില്ല. പക്ഷേ ആ അറിവില്ലായ്മയക്ക് ഒത്താശ ചെയ്തു കൊടുക്കുകയും ഓശാന പാടുകയും ചെയ്യുന്ന ഭരണാധികാരികള്‍ ഇവിടെ ഉള്ളപ്പോള്‍ ന്യൂനപക്ഷങ്ങള്‍ അവിടെ തമസ്‌കരിക്കപ്പെടുമെന്നുള്ളത് സത്യമാണെന്നും മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ പറഞ്ഞു.

Tags

Share this story

From Around the Web