കന്യസ്ത്രീകളുടെ അറസ്റ്റ്. രൂക്ഷ വിമർശനവുമായി ദീപിക. കന്യാസ്ത്രീകളല്ല മതേതര ഭരണഘടനയാണ് ബന്ദിയായതെന്നും മുഖപ്രസംഗം. ബിജെപിയുടെ വാക്കും പ്രവൃത്തിയും പൊരുത്തത്തിലല്ലെന്ന് കേരള ഘടകത്തിന് താക്കീത്

തിരുവനന്തപുരം : ഛത്തീഗഡിൽ മലയാളികളായ രണ്ട് കന്യാസ്ത്രീകളെ സംഘപരിവാർ സംഘടനയായ ബജ്‌റംഗ്ദളിന്റെ രാഷ്ട്രീയ സമ്മർദ്ദത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തതിനെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്ക സഭാ മുഖപത്രം ദീപിക. കന്യാസ്ത്രീകളല്ല ബന്ദി, മതേതര ഭരണഘടന എന്ന തലക്കെട്ടിൽ പ്രസീദ്ധീകരിച്ചിരിക്കുന്ന മുഖപ്രസംഗത്തിൽ ബി.ജെ.പിക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്.
രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ അനുഗ്രഹാശീർവാദത്തോടെ, പ്രതിപക്ഷത്തിന്റെ വഴിപാട് പ്രതിഷേധത്തോടെ, നീതിന്യായ സംവിധാനങ്ങളുടെ പരിമിതികളോടെ, ന്യൂനപക്ഷ ദല്ലാൾസംഘങ്ങളുടെ ഒറ്റുചുംബനത്തോടെ അവരുടെ അഥവാ ഹിന്ദുത്വയുടെ രാഷ്ട്രം നിർവചിക്കപ്പെടുകയാണെന്നും രണ്ടു കന്യാസ്ത്രീകളെയല്ല, മതേതര ഭരണഘടനയെയാണ് വർഗീയവാദികൾ ബന്ദിയാക്കിയതെന്നുമാണ് മുഖപ്രസംഗത്തിൽ വ്യക്തമാക്കുന്നത്.
ഛത്തീസ്ഗഡിലും ഒറീസയിലുമുൾപ്പെടെ കന്യാസ്ത്രീകൾക്കു കുറ്റപത്രവും കേരളത്തിൽ പ്രശംസാപത്രവും കൊടുക്കുന്ന രാഷ്ട്രീയം ഹിന്ദുക്കളും ക്രൈസ്തവരും മുസ്ലീങ്ങളും ഉൾപ്പെടുന്ന മതേതരസമൂഹം തിരിച്ചറിയുന്നുണ്ട്. ബി.ജെ.പിയുടെ വാക്കും പ്രവൃത്തിയും പൊരുത്തത്തിലല്ലെന്ന് കേരളഘടകത്തെയും സ്‌നേഹപൂർവം ഓർമിപ്പിക്കുന്നുവെന്ന താക്കീതും മുഖപ്രസംഗത്തിലുണ്ട്.
കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ ന്യൂനപക്ഷങ്ങളെ ചോദ്യംചെയ്യാൻ തീവ്രമതസംഘടനകളെ വിളിച്ചുവരുത്തുക, യാത്രക്കാരെ മതസംഘടനകൾ റെയിൽവേസ്റ്റേഷനിൽ ആൾക്കൂട്ട വിചാരണ നടത്തുക, പിന്നീട് കർശന നിർദേശത്തോടെ പോലീസിനു കൈമാറുക. മതരാജ്യങ്ങളിൽ മാത്രം നടക്കുന്ന കാര്യങ്ങളാണ് ഇതെന്നു ബിജെപിക്ക് അറിയാതെയാണോ എന്നും മുഖപ്രസംഗം ചോദ്യമുയർത്തുന്നുണ്ട്.
വർഗീയവാദികളുടെ കംഗാരു കോടതികൾ ന്യൂനപക്ഷങ്ങളെ ട്രെയിനിലും തെരുവിലും വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും മാത്രമല്ല, അവരുടെ ആരാധനാലയങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലുമൊക്കെ ആയുധങ്ങളുമായി കടന്നുകയറി ആക്രമണം അഴിച്ചുവിടുകയുമാണ്.
ക്രിസ്മസും ഈസ്റ്ററുമൊക്കെ പരസ്യമായി ആഘോഷിക്കണമെങ്കിൽ സംഘപരിവാറിൻറെ ഔദാര്യം വേണ്ടിവന്നിരിക്കുന്നു. ബൈബിളിനും ക്രൂശിതരൂപത്തിനുമൊക്കെ പരോക്ഷ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.
ബി.ജെ.പി അധികാരത്തിലെത്തിയ 2014 മുതൽ 2024 വരെ ക്രൈസ്തവർക്കെതിരേ 4,316 അക്രമസംഭവങ്ങൾ ഉണ്ടായതായാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിൻറെ റിപ്പോർട്ട്. റിപ്പോർട്ടുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യാനും ഹിന്ദുത്വ ചവിട്ടിമെതിക്കുന്ന ക്രൈസ്തവർക്കെതിരേ കുറ്റപത്രം തയാറാക്കാനും സംഘപരിവാറിനൊപ്പം ക്രിസ്ത്യൻനാമ-ശുഭ്രവേഷധാരികളായ ദല്ലാൾമാരും അവരുടെ ഒളിസംഘടനകളുമുണ്ട്.
പക്ഷേ, റിപ്പോർട്ടുകൾ തെറ്റാണെന്നു തെളിയിക്കുകയോ കേസുകളിൽ അന്വേഷണം നടത്തുകയോ ചെയ്യില്ല. ഛത്തിസ്ഗഡിലേതു കെട്ടിച്ചമച്ച കേസാണെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇടപെടണമെന്നും സി.ബി.സി.ഐ ആവശ്യപ്പെട്ടതായും മുഖപ്രസംഗം വ്യക്തമാക്കുന്നുണ്ട്.
ഉത്തർപ്രദേശിലെ ആഗ്രയിലേക്കു പോകാൻ ഛത്തിസ്ഗഡിലെ ദുർഗ് റെയിൽവേസ്റ്റേഷനിൽ എത്തിയ കണ്ണൂർ, അങ്കമാലി സ്വദേശികളും ഗ്രീൻഗാർഡൻ സിസ്റ്റേഴ്‌സ് (എ.എസ്.എം.ഐ) സന്യാസിനി സഭാംഗങ്ങളുമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയും ഒരു ആദിവാസി പെൺകുട്ടി ഉൾപ്പെടെ നാല് പെൺകുട്ടികളെയുമാണ് ടി.ടി.ഇ തടഞ്ഞത്. കന്യാസ്ത്രീകൾക്കൊപ്പം ആഗ്രയിൽ ജോലിക്കു പോകുകയാണെന്ന് യുവതികൾ പറഞ്ഞെങ്കിലും ടി.ടി.ഇ ബജ്രംഗ്ദൾ പ്രവർത്തകരെ അറിയിച്ചതോടെയാണ് പ്രശ്‌നങ്ങൾ ഉടലെടുത്തത്.