കന്യാസ്ത്രീകളുടെ അറസ്റ്റ്. മൗനി ബാബ യായി സുരേഷ് ഗോപി. സീറോ മലബാർ സഭയ്ക്കുള്ളിൽ കടുത്ത അമർഷം. സഭാ വിശ്വാസികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ കേന്ദ്രമന്ത്രിക്കെതിരെ കടുത്ത വിമർശനം

 
suresh gopi

തിരുവനന്തപുരം: ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ടു മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടിയ ശേഷവും തുടരുന്ന വിവാദങ്ങൾക്കിടെ സുരേഷ് ഗോപിയുടെ മൗനം സീറോ മലബാർ സഭയ്ക്കുള്ളിൽ ചർച്ചയാവുന്നു.

കന്യാസ്ത്രീകൾ അറസ്റ്റിലായ ഘട്ടത്തിൽ സുരേഷ് ഗോപി അവലംബിച്ച മൗനത്തിൽ കടുത്ത നീരസമാണ് സഭാവൃത്തങ്ങൾ പങ്കുവയ്ക്കുന്നത്. ബിജെപി സ്ഥാനാർത്ഥിയായിട്ട് പോലും വിശ്വാസികളുടെ വോട്ട് ഭേദപ്പെട്ട നിലയിൽ ലഭിച്ച സുരേഷ് ഗോപിയിൽ നിന്നും വിഷയത്തിൽ ക്രിയാത്മകമായ പ്രതികരണം ഉണ്ടായില്ലെന്ന വിമർശനമാണ് ഉയരുന്നത്. 

കന്യാസ്ത്രീകളുടെ അറസ്റ്റിനും വിവാദങ്ങൾക്കും പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടക്കം സിബിസിഐ അധ്യക്ഷനായ മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തിയിരുന്നു.

കാര്യങ്ങൾ  ഫോണിൽ എംപിയെയും മന്ത്രിയെയും  ധരിപ്പിച്ചിട്ടുണ്ടെന്ന്  സിബിസിഐ അധ്യക്ഷൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.എന്നാൽ സുരേഷ് ഗോപി വിളിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അപ്പോഴും അദ്ദേഹം മറുപടി നൽകിയിരുന്നില്ല.

സുരേഷ് ഗോപിയുടെ നിലപാടിൽ കടുത്ത വിമർശനമാണ് വിശ്വാസികളുടെ വാട്സാപ്പ് ഗ്രൂപ്പിലും മറ്റു ഉയരുന്നത്. എന്നാൽ ആവശ്യമായ ഇടപെടലുകൾ മന്ത്രി നടത്തിയിട്ടുണ്ടെന്നാണ് 'അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വിഷയം അറിഞ്ഞപ്പോൾ തന്നെ പ്രധാനമന്ത്രിയുടെയും മറ്റുള്ളവരുടെയും ശ്രദ്ധയിൽ പെടുത്താനുള്ള ശ്രമം അദ്ദേഹത്തിൻറെ ഭാഗത്തുനിന്ന് ഉണ്ടായെന്നും അത് സഭാവൃത്തങ്ങൾക്ക് അറിയാം എന്നുമാണ് ഇവർ ഉയർത്തുന്ന വാദം.

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ബിജെപിയിൽ നിന്നും സംഘപരിവാറിൽ നിന്നും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. ബജ്രംഗ് ദളിന്റെ നിലപാടിനെ അപലപിച്ച ബിജെപി സംസ്ഥാന നേതൃത്വത്തെ സംഘപരിവാർ സംഘടനകൾ വിമർശിക്കുകയാണ്.

മതപരിവർത്ത നത്തിനെതിരെ ഇനിയും നിലപാട് എടുക്കുമെന്നും അത് അനുവദിക്കാൻ ആവില്ലെന്നുമാണ് സംഘപരിവാറിന്റെ വാദം. വിഷയം പരിഹരിക്കുന്നതിൽ ബിജെപി സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു എന്നാണ് ബിജെപിയിലെ തന്നെ ഒരു വിഭാഗം നേതാക്കൾ വ്യക്തമാക്കുന്നത്. ഇതിനിടെ സംഘപരിവാർ സംഘടനകളിൽ പെട്ട പ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങളിൽ കന്യാസ്ത്രീകൾക്കും സഭകൾക്കും എതിരെ അതിരൂക്ഷമായ വിമർശനമാണ് നടത്തുന്നത്.

കന്യാസ്ത്രീകളെ അവഹേളിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ട ഛത്തീസ്ഗഡ് ബിജെപിയുടെ നടപടിയും സഭയ്ക്കുള്ളിൽ ചൂടോറിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. മോദിയെയും കേന്ദ്രസർക്കാരുടെയും പുകഴ്ത്തിയ ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ ഇരിഞ്ഞാലക്കുട രൂപതാ അധ്യക്ഷൻ രംഗത്ത് വന്നതും സഭയ്ക്കുള്ളിൽ ചർച്ചയായിട്ടുണ്ട്.

Tags

Share this story

From Around the Web