മുനമ്പത്തെ റവന്യു അവകാശങ്ങൾ താമസക്കാർക്കു പുനഃസ്ഥാപിച്ചു നൽകണമെന്ന് കോട്ടയം അതിരൂപത
Oct 12, 2025, 09:00 IST

കോട്ടയം: മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നു ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ച സാഹചര്യത്തിൽ അവിടത്തെ ഭൂമിയുടെ റവന്യു അവകാശങ്ങൾ താമസക്കാർക്കു പുനഃസ്ഥാപിച്ചു നൽകണമെന്ന് കോട്ടയം അതിരൂപത ജാഗ്രതാ സമിതി.
മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്നും 1950ലെ ആധാര പ്രകാരം മുഹമ്മദ് സിദ്ദിഖ് സയ്ദ് എന്നയാൾ ഈ ഭൂമി കോഴിക്കോട് ഫാറുഖ് കോളജിന് ഇഷ്ടദാനം നൽകിയതാണെന്നും അതിനെ വഖഫായി പ്രഖ്യാപിച്ച കേരള വഖഫ് ബോർഡിന്റെ നടപടി തെറ്റാണെന്നുമാണ് ഡിവിഷൻ ബെഞ്ച് വിധിച്ചത്.
വിധിയുടെ പശ്ചാത്തലത്തിൽ റവന്യൂരേഖകൾ ഉൾപ്പെടെ തിരികെ നൽകി അവരുടെ ഉത്ക്കണ്ഠകളും ആശങ്കകളും നീക്കാൻ കേരള സർക്കാർ തയാറാകണം. ഇതിനെ തടയുന്ന ഒരു സമ്മർദത്തിനും സർക്കാർ വഴങ്ങരുത്. മുനമ്പം ജനതയ്ക്കു നീതി നൽകാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും പൊതുസമൂഹവും ഒറ്റക്കെട്ടായി നിൽക്കണമെന്നും ജാഗ്രതാ സമിതി ആഹ്വാനം ചെയ്തു.