മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നത് മുസ്ലിം ലീഗിൻ്റെ സമ്മർദങ്ങളെ തുടർന്ന്. സതീശനെ മുഖ്യമന്ത്രിയാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ ലീഗ്

 
SATHEESAN LEAGUE

കോട്ടയം: മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നത് മുസ്ലിം ലീഗിൻ്റെ സമ്മർദങ്ങളെ തുടർന്ന്. ഫല പ്രഖ്യാപനത്തിനു മുൻപു തന്നെ ലീഗ് വി.ഡി സതീശൻ അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.ഡി. സതീശൻ്റെ മതേതര നിലപാടുകളും പ്രവർത്തനങ്ങളുമാണ് യു.ഡി.എഫിനെ അധികാരത്തിലെത്തിക്കാൻ സഹായിച്ചതെന്നാണ് ലീഗിന്റെ വിലയിരുത്തൽ. അതിനാൽ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ലീഗ് കോൺഗ്രസിനെ അറിയിക്കുകയും ചെയ്തു. ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ വഴി പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ കോൺഗ്രസ് നേതൃത്വവുമായി ലീഗ് ഈ വിഷയം ഗൗരവമായി ചർച്ച ചെയ്തിട്ടുണ്ട്. 

മറ്റു നേതാക്കളുടെ പ്രവർത്തന പാരമ്പര്യമോ അവർ യുഡിഎഫിനായി നടത്തിയ പ്രവർത്തനങ്ങളോ അംഗീകരിക്കാൻ ലീഗ് തയാറല്ല. സതീശൻ മതി എന്ന ലീഗിൻ്റെ കടുംപിടുത്തമാണ് ഹൈക്കമാൻഡിൻ്റെ തീരുമാനം വൈകുന്നതിൽ കാരണം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.  പല ലീഗ് നേതാക്കളും മാധ്യമങ്ങളിൽ ഹൈക്കമാൻഡ് കഴിവില്ലാത്തവരാണെന്ന തരത്തിൽ മാധ്യമങ്ങളിൽ അഭിപ്രായ പ്രകടനങ്ങളും നടത്തുന്നുണ്ട്. ഇതോടൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യത കൽപ്പിക്കുന്ന മറ്റു രണ്ടു നേതാക്കളെയും സാമൂഹ്യ മാധ്യമങ്ങൾ വഴി അധിക്ഷേപിക്കുന്നതും ലീഗ് - ജമാ അത്തെ ഇസ്ലാമി അനുകൂല സൈബർ ഗ്രൂപ്പകളാണ് എന്നതും ശ്രദ്ധേയമാണ്. 

കോൺഗ്രസിൻ്റെ തീരുമാനങ്ങളെ ഹൈജാക്ക് ചെയ്യാനാണ് ലീഗ് ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നാണ് കോൺഗ്രസിനുള്ളിലെ ആക്ഷേപം.  ഇതോടെ ഹൈക്കമാൻഡും ഏറെ പ്രതിസന്ധിയിലായി.  മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ലീഗിനെ ഗൗനിക്കാതെ കോൺഗ്രസ് ഏകപക്ഷീയമായി മുന്നോട്ട് പോയാൽ കടുത്ത നിലപാട് സ്വീകരിക്കുമെന്ന ലീഗ് നേതാക്കളുടെ മുന്നറിയിപ്പ് നിസാരമായി തള്ളിക്കളയാൻ നേതൃത്വത്തിന് ആകില്ല.


അതേസമയം, ജമാ അത്തെ ഇസ്ലാമിയും ലീഗും നടത്തുന്ന നീക്കങ്ങൾ മുൻനിർത്തി ബിജെപിയും മുതലെടുപ്പിനു ശ്രമം തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് പാണക്കാടു നിന്നാണ് എന്ന വിമർശനമാണ് ബിജെപി ഉയർത്തുന്നുണ്ട്. നിലവിലുള്ള ചർച്ചകളിൽ ലീഗിൻ്റെ നിലപാടിനാണ് പ്രാധാന്യം. ഇത് വരാനിരിക്കുന്ന സർക്കാർ അമിത മുസ്ലിം പ്രീണനം നടത്തുമെന്നതിന് തെളിവാണെന്നും ബി.ജെ.പി നേതാക്കൾ ആരോപിക്കുന്നു. 


അതേസമയം, കേരളത്തിലെ മുഖ്യമന്ത്രി ആരെന്നതു സംബന്ധിച്ച് ഡല്‍ഹിയില്‍ ഇന്നും നിര്‍ണായക ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കെ.പി.സി.സി മുന്‍ അധ്യക്ഷന്‍മാരുടെ നിലപാട്  ഹൈക്കമാന്‍ഡ് ഇന്ന് തേടുന്നത്.

Tags

Share this story

From Around the Web