പ്രതി മകളുടെ മുൻ ഭർത്താവ്; ഒറ്റപ്പാലത്തെ ദമ്പതികളുടെ കൊലപാതകത്തിന് കാരണം കുടുംബ തർക്കമെന്ന് പൊലീസ്
പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളുടെ കൊലപാതകത്തിന് കാരണം കുടുംബ തർക്കമെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട ദമ്പതികളുടെ മകളുടെ മുൻ ഭർത്താവ് പൊന്നാനി സ്വദേശി റാഫിയാണ് കൊലപാതകം നടത്തിയത്.
റാഫിയും സുൽഫിയത്തും തമ്മിൽ വിവാഹബന്ധം വേർപിരിഞ്ഞിരുന്നു. ഇതു സംബന്ധിച്ച കേസ് കോടതിയിലാണ്. കുട്ടിയുടെ അവകാശ സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ വിലയിരുത്തൽ. സംഭവത്തിൽ റാഫിയെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ദമ്പതികളെ വേട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാലകത്ത് നസീർ, ഭാര്യ സുഹറ എന്നിവരാണ് കൊല്ലപ്പെട്ടത്. നാലുവയസായ കൊച്ചുമകനെ ഗുരുതരമായി പരിക്കേറ്റ നിലയിലാണ് കണ്ടെത്തിയത്.
സുൽഫിയത്ത് എന്ന യുവതി നാല് വയസുകാരനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.