ആധുനിക സാങ്കേതിക വിദ്യയ്ക്ക് നന്ദി! ബൈബിളിലെ പുതിയ നിയമത്തിലെ കാണാതായ 42 പേജുകൾ കണ്ടെടുത്തു
അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ആറാം നൂറ്റാണ്ടിലെ പ്രശസ്തമായ ബൈബിൾ കയ്യെഴുത്തുപ്രതിയായ ‘കോഡെക്സ് എച്ചി’ ലെ കാണാതായ 42 പേജുകൾ ഗവേഷകർ വീണ്ടെടുത്തു.
ഗ്ലാസ്‌ഗോ സർവകലാശാലയിലെ പ്രൊഫസർ ഗാരിക് വി. അല്ലന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കണ്ടെത്തലിന് പിന്നിൽ. വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ ലേഖനങ്ങളുടെ ആറാം നൂറ്റാണ്ടിലെ പകർപ്പാണ് ഈ പുരാതന ഗ്രന്ഥം. പതിമൂന്നാം നൂറ്റാണ്ടിൽ ഗ്രീസിലെ മൗണ്ട് ആത്തോസിലുള്ള ഗ്രേറ്റ് ലാവ്ര മൊണാസ്ട്രിയിൽ വച്ച് ഈ ഗ്രന്ഥം വിഘടിപ്പിക്കപ്പെടുകയും താളുകൾ മറ്റ് പുസ്തകങ്ങളുടെ ബൈൻഡിംഗിനായി ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഇതിന്റെ ഭാഗങ്ങൾ യൂറോപ്പിലെ വിവിധ ലൈബ്രറികളിലായി ചിതറിക്കിടക്കുകയായിരുന്നു.
തിരിച്ചറിഞ്ഞത് ‘മിറർ ഇഫക്റ്റിലൂടെ’ മറ്റൊരു ആവശ്യത്തിനായി ഈ താളുകൾ ഉപയോഗിച്ചപ്പോൾ അതിലെ മഷിയിലുണ്ടായ രാസപ്രവർത്തനം മൂലം പേജുകളിലെ അക്ഷരങ്ങളുടെ നിഴലുകൾ പതിഞ്ഞിരുന്നു. ‘മൾട്ടിസ്പെക്ട്രൽ ഇമേജിംഗ്’ എന്ന നൂതന വിദ്യയിലൂടെയാണ് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഈ അക്ഷരങ്ങൾ ഗവേഷകർ വായിച്ചെടുത്തത്. പാരീസിൽ വച്ച് നടത്തിയ റേഡിയോ കാർബൺ ഡേറ്റിംഗിലൂടെ ഇവ ആറാം നൂറ്റാണ്ടിലേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.