എല്ലാവർക്കും നന്ദി, ജാമ്യം ലഭിച്ചതിൽ സന്തോഷം; കന്യാസ്ത്രീകളുടെ ജാമ്യത്തിൽ പ്രതികരിച്ച് കുടുംബം

എറണാകുളം: ഛത്തീസ്ഗഡിൽ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യത്തിൽ പ്രതികരിച്ച് കുടുംബം. എല്ലാവർക്കും നന്ദിയുണ്ടെന്നും ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം അറിയിച്ചു.
ജനപ്രതിനിധികളും സഭാ നേതൃത്വവും സമൂഹവും ഒപ്പം നിന്നു. പ്രാർത്ഥനയുടെ ഫലമായാണിത് സംഭവച്ചത്. കേസ് പിൻവലിക്കണം. നടപടികൾ നീണ്ട് പോകരുതെന്നും കുടുംബം ചൂണ്ടിക്കാട്ടി.
ജാമ്യം ലഭിച്ചതിൽ ഏറെ സന്തോഷമെന്ന് സിസ്റ്റർ വന്ദനയുടെ സഹോദരൻ ചെറിയാൻ. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുന്നതിനായി കേന്ദ്രവും എല്ലാ രാഷ്ട്രീയ പാർട്ടികളും മാധ്യമ പ്രവർത്തകരും ഇടപെട്ടിരുന്നു.
ഈ ഒരു ദിവസത്തിനു വേണ്ടിയാണ് കാത്തിരുന്നത്. ഒരുപാട് പ്രാർത്ഥിച്ചു. വല്ലാത്ത അവസ്ഥയിലൂടെയായിരുന്നു കടന്നു പോയത്. കൂടെ നിന്ന എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
ഉപാധികളോടെയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒൻപത് ദിവസത്തെ ജയിൽ വാസത്തിനുശേഷം ബിലാസ്പുർ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തിരുന്നത്.
പാസ്പോർട്ട് കെട്ടിവെക്കുക, 50,000 രൂപയുടെ രണ്ട് ആൾ ജാമ്യം തുടങ്ങിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.