ടെക്‌സസിലെ മിന്നല്‍ പ്രളയം: മരണം 100 കടന്നു. ചെലവുചുരുക്കലിന്റെ ഭാഗമായി നടത്തിയ കൂട്ട പിരിച്ചുവിടല്‍ കാലാവസ്ഥാ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളെയും പ്രളയ മുന്നറിയിപ്പിനെയും ബാധിച്ചിട്ടുണ്ടെന്ന് വിമർശനം

ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു. സമ്മര്‍ ക്യാംപിലുണ്ടായിരുന്ന 27 പെണ്‍കുട്ടികളും ജീവനക്കാരിയുമടക്കം പ്രളയത്തില്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 10 പെണ്‍കുട്ടികളെയും ക്യാംപ് കൗണ്‍സിലറെയും കാണാതായി. ഗ്വാഡലൂപ്പെ നദി കരകവിഞ്ഞൊഴുകിയ കെര്‍ കൗണ്ടിയില്‍ മാത്രം 84 പേരാണ് മരിച്ചത്.
ഇവരില്‍ 22 മുതിര്‍ന്നവരുടെയും 10 കുട്ടികളുടെയും മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പ്രളയമുണ്ടായി നാലുദിവസം പിന്നിട്ടതിനാല്‍ കൂടുതല്‍പേരെ ജീവനോടെ കണ്ടെത്താനുളള സാധ്യത മങ്ങിയെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ഗ്വാഡലൂപ്പെ നദീതീരത്ത് ഹെലികോപ്റ്ററുകളും നിരീക്ഷണ വിമാനങ്ങളും ഉപയോഗിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.
മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ജൂലൈ നാല് വെളളിയാഴ്ച്ചയാണ് ടെക്സസിൽ മിന്നൽ പ്രളയമുണ്ടായത്. പുലർച്ചെ ആരംഭിച്ച മഴ കനത്തതോടെ ഗ്വാഡലൂപ്പെ നദിയില്‍ 45 മിനിറ്റിനുളളില്‍ ജലനിരപ്പ് 26 അടിയായി ഉയരുകയും പ്രളയമായി മാറുകയുമായിരുന്നു.
നിരവധി വീടുകളും വാഹനങ്ങളും പ്രളയത്തിൽ ഒലിച്ചുപോയി. 850 ഓളം പേരെ രക്ഷപ്പെടുത്തി. അടുത്ത ദിവസം തന്നെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു. അതേസമയം, ചെലവുചുരുക്കലിന്റെ ഭാഗമായി നടത്തിയ കൂട്ട പിരിച്ചുവിടല്‍ കാലാവസ്ഥാ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളെയും പ്രളയ മുന്നറിയിപ്പിനെയും ബാധിച്ചിട്ടുണ്ടെന്ന് വിമര്‍ശനമുയരുന്നുണ്ട്.
പ്രകൃതിദുരന്തങ്ങള്‍ അതത് സംസ്ഥാനങ്ങള്‍ കൈകാര്യം ചെയ്യണമെന്ന ട്രംപിന്റെ നയത്തിനെതിരെയും വിമര്‍ശനമുണ്ട്. എന്നാല്‍, ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത ദുരന്തമാണ് ഉണ്ടായതെന്നാണ് അദ്ദേഹം പറയുന്നത്.