അധ്യാപക നിയമന പ്രതിസന്ധി, സര്‍ക്കാരിന്റെ കനിവു കാത്തിരിക്കുന്നത് പതിനായിരങ്ങള്‍. അഞ്ചും ആറും വര്‍ഷമായി ശമ്പളം ലഭിക്കാത്ത അധ്യാപകര്‍ മാനസികമായി തകർന്ന അവസ്ഥയിൽ. പിന്നിൽ സർക്കാരിൻ്റെ പിടിവാശി

 
teacher

കോട്ടയം: അധ്യാപക നിയമന പ്രതിസന്ധി, സര്‍ക്കാരിന്റെ കനിവു കാത്തിരിക്കുന്നത് ആയിരങ്ങള്‍. അഞ്ചും ആറും വര്‍ഷമായി ശമ്പളം ലഭിക്കാത്ത അധ്യാപകര്‍ മാനസികമായി തകർന്ന അവസ്ഥയിൽ.

പത്തനംതിട്ടയില്‍ അധ്യാപികയായ ഭാര്യയ്ക്കു 14 വര്‍ഷമായിട്ടും ശമ്പളം ലഭിക്കാതിരുന്നതിനെത്തുടര്‍ന്നു ഭര്‍ത്താവ് ജീവനൊടുക്കിയത്  ഇന്നലെയായിരുന്നു. കഴിഞ്ഞ വർഷമാണ് ശമ്പളവും നിയമനവും കിട്ടാതെ വന്നതോടെ അധ്യാപിക ആത്മഹത്യ ചെയ്തത്.

പലവിധ കാരണങ്ങളാല്‍  അഞ്ചും ആറും വര്‍ഷമായി ശമ്പളം ലഭിക്കാത്ത അധ്യാപകര്‍ ജില്ലയിലും ഉണ്ട്. ഇവരില്‍ 90 ശതമാനവും സ്ത്രീകളാണെന്നും ദുരിതത്തിന്റെ ആഘാതം വര്‍ധിപ്പിക്കുന്നു.

പലരും മാനസികമായി തകർന്ന അവസ്ഥയിലാണ്. എത്ര കാലം വീട്ടുകാരെ ബുദ്ധിമുട്ടിച്ചു ജീവിക്കുമെന്നു അധ്യാപകർ ചോദിക്കുന്നു. വണ്ടിക്കൂലിക്കു പോലും കൈനീട്ടേണ്ടി വരുന്ന അവസ്ഥ ആത്മാഭിമാനം ഹനിക്കപ്പെടുന്നതിനു തുല്യമാണ്.

യഥാസമയം ശമ്പളം ലഭിക്കാത്തതിന്റെ മാനസിക വിഷമത്തില്‍ ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം കുട്ടികളുടെ അധ്യയനത്തെയും ബാധിക്കും. മികച്ച ഒരു മേഖലയെന്നു കരുതിയിരുന്ന അധ്യാപനത്തിലേക്കു കടന്നു വരുന്നവരുടെ എണ്ണം കുറയുന്നതിനും പ്രതിസന്ധി കാരണമാകുന്നുണ്ട്.  

ഭിന്നശേഷി നിയമനത്തിന്റെ പേരിലുള്ള പ്രശ്‌നങ്ങള്‍, സ്ഥാനക്കയറ്റം, സ്ഥലമാറ്റം ഉള്‍പ്പെടെയുള്ള കാരണങ്ങളാലുണ്ടാകുന്ന  പ്രശ്‌നങ്ങള്‍,  ഇവയുടെ പേരില്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നുണ്ടാകുന്ന മെല്ലെപ്പോക്ക് ഉള്‍പ്പെടെയുള്ളവയാണ് അധ്യാപകരെ പ്രതിസന്ധിയിലാക്കുന്നത്.

എയ്ഡഡ് സ്‌കൂള്‍ അധ്യാപകരാണു ദുരിതമനുഭവിക്കുന്നരിലേറെയും. ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട ഉത്തരവിന്റെ പേരില്‍ നാലു വര്‍ഷത്തിലേറെയായി എയ്ഡഡ് മേഖലയില്‍ അധ്യാപക നിയമനം മരവിച്ച അവസ്ഥയിലാണ്. ഈ സമയം ജോലിയില്‍ പ്രവേശിച്ചവരെല്ലാം ദിവസ ശമ്പളത്തിനാണു ജോലി ചെയ്യുന്നത്.

ഭൂരിഭാഗത്തിനും ഇതുപോലും സമയത്തിനു ലഭിക്കാറില്ല. സംസ്ഥാനത്തു ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് നിയമനാംഗീകാരം ലഭിക്കാത്ത പതിനായിരത്തിലേറെ അധ്യാപകരുള്ളതില്‍, ഏറ്റവും കൂടുതല്‍ പേരുള്ള ജില്ലകളിലൊന്നു കോട്ടയമാണെന്ന് അധ്യാപക പ്രതിനിധികള്‍ പറയുന്നു.

ഭിന്നശേഷി സംവരണത്തിനു തസ്തിക മാറ്റിവയ്ക്കുന്ന സ്‌കൂളുകളിലെ നിയമനം പാസാക്കണമെന്ന അഭ്യര്‍ഥന സര്‍ക്കാര്‍ തള്ളുക കൂടി ചെയ്തതോടെ പ്രതിസന്ധി രൂക്ഷമായി. കത്തോലിക്കാ, എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി. മാനേജ്‌മെന്റുകളിലെയും ഏക വിദ്യാലയങ്ങളിലെയും അധ്യാപകരാണു നിയമന ഉത്തരവ് കാത്തിരിക്കുന്നത്.

ഇതിനിടയില്‍, എന്‍.എസ്.എസ്. മാനേജ്‌മെന്റ് സുപ്രീംകോടതിയെ സമീപിച്ച് അനൂകൂല ഉത്തരവ് സമ്പാദിച്ചിരുന്നു.  ഈ ഉത്തരവ് തങ്ങള്‍ക്കും ബാധകമാണെന്നു മറ്റു  മാനേജ്‌മെന്റുകള്‍ വാദിച്ചുവെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ല.

നിയമനാംഗീകാരത്തിനായി മറ്റു മാനേജ്‌മെന്റുകളും വീണ്ടും കോടതിയിലേക്കു പോകണന്നെതിനാല്‍ നിയമനം പിന്നെയും നീളും. ദിവസക്കൂലിയായി ലഭിക്കുന്ന പണം പോലും യഥാസമയം ലഭിക്കാത്തതിനാല്‍ കടം മേടിച്ചും സ്വര്‍ണം പണയപ്പെടുത്തിയുമൊക്കെയാണു വണ്ടിക്കൂലി ഉള്‍പ്പെടെയുള്ളവ അധ്യാപകര്‍ കണ്ടെത്തുന്നത്.

പല മാനേജ്‌മെന്റുകള്‍ക്കും ഏറെ സ്‌കൂളുകളുള്ളതിനാല്‍ ദൂരെ സ്ഥലങ്ങളിലായിരിക്കും ആദ്യ നിയമനം.ഇവിടങ്ങളില്‍ താമസിച്ചു വേണം ജോലി ചെയ്യാന്‍, ആ  ഇനത്തിലും ചെലവു വര്‍ധിക്കും. വന്‍ തുക തലവരി പണം നല്‍കി ജോലി സമ്പാദിച്ചവരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്.

ഇവരില്‍ പലരും, കുട്ടികളുടെ എണ്ണക്കുറവ് മൂലം ഡിവിഷനുകള്‍ കുറയുന്നതിനാല്‍ പോസ്റ്റ് നഷ്ടമാകുമെന്ന ഭീതിയില്‍ ജോലി ചെയ്യുന്നവരുമാണ്.
സംസ്ഥാനത്തെ ഒട്ടുമിക്ക എയ്ഡഡ് സ്‌കൂളുകളിലും ഇത്തരത്തില്‍ ശമ്പളം കിട്ടാത്ത അധ്യാപകരുണ്ടാകുമെന്നു പ്രതിനിധികള്‍ പറയുന്നു.

Tags

Share this story

From Around the Web