സുഡാനിൽ കൂട്ടക്കൊലയുടെ തെളിവുകൾ നശിപ്പിക്കാൻ നീക്കം: പതിനായിരക്കണക്കിന് മൃതദേഹങ്ങൾ മറവ് ചെയ്തതായി റിപ്പോർട്ട്
സുഡാനിലെ എൽ-ഫാഷർ നഗരത്തിൽ നടന്ന കൂട്ടക്കൊലകളുടെ തെളിവുകൾ നശിപ്പിക്കാൻ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (RSF) ശ്രമിക്കുന്നതായി യേൽ സർവകലാശാലയിലെ ഗവേഷകർ വെളിപ്പെടുത്തി. ഒക്ടോബറിൽ നഗരം പിടിച്ചെടുത്തതിനു ശേഷം പതിനായിരക്കണക്കിന് മൃതദേഹങ്ങൾ ഇവർ ദഹിപ്പിക്കുകയോ, കുഴിച്ചുമൂടുകയോ ചെയ്തതായി സാറ്റലൈറ്റ് ചിത്രങ്ങൾവഴി കണ്ടെത്തി. നഗരത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചവരെപ്പോലും വഴിയിൽവച്ച് കൊലപ്പെടുത്തിയതിന്റെ തെളിവുകൾ നഗരത്തിനു പുറത്തുള്ള എൺപതോളം സ്ഥലങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
2023 ഏപ്രിലിൽ സുഡാൻ സൈന്യവും അർധസൈനിക വിഭാഗവും തമ്മിൽ തുടങ്ങിയ അധികാരതർക്കം ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ മാനുഷികദുരന്തമായി മാറിയിരിക്കുകയാണ്. എൽ-ഫാഷർ നഗരം പിടിച്ചെടുത്തതുവഴി പടിഞ്ഞാറൻ സുഡാനിൽ തങ്ങളുടെ അധികാരം ഉറപ്പിക്കാൻ ആർഎസ്എഫിനു സാധിച്ചു. എന്നാൽ, അറബ് വംശജരായ സൈനികർ മറ്റു വംശക്കാരെ ലക്ഷ്യമിട്ട് കൊലപ്പെടുത്തുന്നു എന്ന ആരോപണം ലോകരാജ്യങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
യുദ്ധം തുടങ്ങിയശേഷം സുഡാനിൽ ഏകദേശം ഒരുകോടി മുപ്പതുലക്ഷത്തിലധികം ആളുകൾക്ക് വീട് നഷ്ടപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. എൽ-ഫാഷർ നഗരത്തിൽ ഇപ്പോഴും രണ്ടരലക്ഷത്തോളം ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരിൽ പകുതിപ്പേർക്കു പോലും സുരക്ഷിതസ്ഥാനങ്ങളിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്നും സന്നദ്ധസംഘടനകൾ പറയുന്നു. അതേസമയം, സ്വന്തം സൈനികരുടെ ഭാഗത്തുനിന്ന് വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ആർഎസ്എഫ് നേതാവ് പറഞ്ഞെങ്കിലും തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.