കൊല്ലപ്പെട്ട പൈലറ്റുമാരെ ഉന്നമിടുന്നത് ഗൂഢനീക്കം, എയര്‍ഇന്ത്യക്കും ബോയിങിനുമെതിരെ നിയമപോരാട്ടവുമായി കൊല്ലപ്പെട്ട യുകെ പൗരന്മാരുടെ കുടുംബങ്ങള്‍

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിയമപോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കൊല്ലപ്പെട്ട യു കെ പൗരന്മാരുടെ കുടുംബങ്ങൾ വ്യക്തമാക്കി.
എയര്‍ ഇന്ത്യ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് അംഗീകരിക്കില്ലെന്നും കിസ്റ്റോൺ ലോയെന്ന നിയമസ്ഥാപനം മുഖേന ഉടൻ ഹർജി നൽകുമെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. ബോയിംഗിനെതിരെ ലണ്ടനിലും എയർ ഇന്ത്യക്കെതിരെ ഇന്ത്യയിലും കോടതികളെ സമീപിക്കും.
കൊല്ലപ്പെട്ട പൈലറ്റുമാരെ ഉന്നമിടുന്നത് ഗൂഢനീക്കമാണ്. ബോയിംഗിന്‍റെ എഞ്ചിനിലെ തകരാറോ അറ്റകുറ്റപ്പണിയിൽ എയർ ഇന്ത്യ വരുത്തിയ വീഴ്ചയോ പരിശോധിക്കപ്പെടുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
സാങ്കേതിക പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് ഫ്യുവല്‍ സ്വിച്ചുകളുടെ പരിശോധന നടത്തണമെന്ന യുഎസ് ഏജന്‍സിയായ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍റെ നിര്‍ദ്ദശം എയര്‍ ഇന്ത്യ പാലിച്ചിരുന്നില്ലെന്നും ഇക്കാര്യമടക്കം അന്വേഷിക്കാതെയാണ് പൈലറ്റുമാരെ കുറ്റപ്പെടുത്തിയുള്ള റിപ്പോര്‍ട്ടെന്നും ഇവര്‍ ആരോപിക്കുന്നു.