സീറോ മലബാർ സമുദായ ശക്തീകരണവർഷത്തിന് ആരംഭം

 
2222
കൊച്ചി: വിശ്വാസത്തിൽ ഉറച്ചതും ഐക്യബോധത്തിൽ ശക്തമായതുമായ സമുദായത്തിനു കാലഘട്ടത്തിന്റെ ദിശ മാറ്റാൻ കഴിയുമെന്ന് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ്‌ തോമസിൽ സീറോമലബാർ സമുദായ ശക്തീകരണവർഷം - 2026 ന്റെ സഭാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മേജർ ആര്‍ച്ച് ബിഷപ്പ്. വ്യക്തിപരമായ വിശ്വാസാനുഭവങ്ങളിൽ മാത്രം തൃപ്തിയടയാതെ, വിശ്വാസ ബോധ്യങ്ങളെ സമൂഹനന്മയ്ക്കായി പ്രവർത്തന സജ്ജമാക്കുമ്പോളാണ് സമുദായം ചരിത്രത്തെ സ്വാധീനിക്കുന്ന ശക്തിയായി മാറുന്നതെന്നു മേജർ ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.

രൂപതകൾ, സമർപ്പിത സമൂഹങ്ങൾ, കുടുംബങ്ങൾ, യുവജനങ്ങൾ, വിദ്യാഭ്യാസ–സാമൂഹിക സ്ഥാപനങ്ങൾ ഇവയെല്ലാം ഒരേ ലക്ഷ്യത്തോടെ വളർത്തിയെടുക്കുന്ന ഐക്യബോധമാണ് നമ്മുടെ യഥാർത്ഥ ശക്തി. അത്തരമൊരു കൂട്ടായ്മയിൽ നവീകരിക്കപ്പെടുമ്പോൾ മാത്രമാണ് ക്രൈസ്തവ സമുദായത്തിന് കാലഘട്ടത്തിന്റെ ദിശയെ സുവിശേഷ മൂല്യങ്ങളുടെ പ്രകാശത്തിൽ രൂപാന്തരപ്പെടുത്താൻ കഴിയുന്നത്, മാർ റാഫേൽ തട്ടിൽ കൂട്ടിച്ചേർത്തു.

സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ കൺവീനർ ആർച്ചുബിഷപ്പ് മാർ തോമസ് തറയിൽ സ്വാഗതം ആശംസിച്ചു. പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ആമുഖ പ്രഭാഷണം നടത്തി. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡണ്ട് ശ്രീ. രാജീവ് കൊച്ചുപറമ്പിൽ യോഗത്തിനു നന്ദിയർപ്പിച്ചു.

Tags

Share this story

From Around the Web