സീറോ മലബാർ സഭയുടെ സാമൂഹിക സേവന പുരസ്കാരങ്ങൾ സമ്മാനിച്ചു

 
22

കൊച്ചി: സമൂഹത്തിൽ അവശതയനുഭവിക്കുന്നവരെ ചേർത്തുപിടിച്ച് അവസരോചിതമായി സഹായമെത്തിക്കാൻ മുന്നിട്ടിറങ്ങുന്നവർ സഞ്ചരിക്കുന്ന ദേവാലയങ്ങളെന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അഭിപ്രായപ്പെട്ടു.

സീറോമലബാർ സഭയുടെ സാമൂഹ്യ പ്രേഷിത പ്രസ്ഥാനമായ സ്പന്ദൻ ഏർപ്പെടുത്തിയ ഏറ്റവും മികച്ച സാമൂഹ്യ പ്രവർത്തകർക്കുള്ള അവാർഡ്ദാന ചടങ്ങിൻ്റെ ഉദ്ഘാടനം കാക്കനാട് സഭാ ആസ്ഥാനമായ മൗണ്ട് സെൻ്റ് തോമസിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു. കമ്മീഷൻ ചെയർമാൻ ബിഷപ്പ് ജോസ് ചിറ്റൂപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.

ചിക്കാഗോ സെൻ്റ് തോമസ് സീറോമലബാർ രൂപത സ്പോൺസർ ചെയ്യുന്ന എഴുപത്തി അയ്യായിരം രൂപ കാഷ് അവാർഡും ഫലകവും അടങ്ങുന്ന സോഷ്യൽ മിനിസ്ട്രി അവാർഡിന് രൂപതാ വൈദികരുടെ വിഭാഗത്തിൽ പാലാ രൂപതയിലെ ഫാ. തോമസ് കിഴക്കേൽ, സന്യസ്ത വിഭാഗത്തിൽ ചങ്ങനാശ്ശേരി അതിരൂപതയിലെ ഏറ്റുമാനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അർച്ചനാ വിമൻസ് സെൻ്റർ സ്ഥാപക ഡയറക്ടർ മിസ്സ് ത്രേസ്യാമ്മ മാത്യു, അത്മായരുടെ വിഭാഗത്തിൽ പാലക്കാട് രൂപതയിലെ കൊട്ടേക്കാട് പ്രവർത്തിച്ചു വരുന്ന സ്നേഹജ്ജ്വാല ട്രസ്റ്റ് പ്രസിഡൻ്റ് സെബാസ്റ്റ്യൻ എൻ. എം. എന്നിവർ അർഹരായി.

സമൂഹത്തിൽ സാമ്പത്തികമായി ഏറ്റവും അവശതയനുഭവിക്കുന്നവർക്കായി തങ്ങൾ ചെയ്തുവരുന്ന ഈ സേവനം കൂടുതൽ തീക്ഷ്ണമായി നിർവ്വഹിക്കുന്നതിന് സോഷ്യൽ മിനിസ്ട്രി അവാർഡ് പ്രചോദനമേകുമെന്ന് അവാർഡ് ജേതാക്കൾ മറുപടിയായി പറഞ്ഞു. സ്പന്ദൻ ചീഫ് കോർഡിനേറ്റർ ഫാ. ജേക്കബ് മാവുങ്കൽ സ്വാഗതവും, സജോ ജോയി നന്ദിയും പറഞ്ഞു.
 

Tags

Share this story

From Around the Web