സീറോ മലബാർ സഭയുടെ സിനഡ് സമ്മേളനം ഇന്ന് മുതല്‍

കാക്കനാട്: സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിമൂന്നാമത് മെത്രാൻ സിനഡിൻ്റെ രണ്ടാം സമ്മേളനം ഇന്ന് ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ ആരംഭിക്കും.
രാവിലെ മാനന്തവാടി രൂപതാസഹായ മെത്രാൻ മാർ അലക്സ് താരാമംഗലം നൽകുന്ന ധ്യാനചിന്തകളോടെ സിനഡുസമ്മേളനം ആരംഭിക്കും. തുടർന്ന് സിനഡു പിതാക്കന്മാർ ഒരുമിച്ച് അർപ്പിക്കുന്ന വിശുദ്ധ കുർബാനയ്ക്കുശേഷം സീറോമലബാർസഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ ഔദ്യോഗികമായി സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയിൽ നിന്ന് വിരമിച്ചവരുമായ 52 പിതാക്കന്മാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സിനഡുസമ്മേളനം ഓഗസ്റ്റ് 29 ന് സമാപിക്കും. സിനഡിൽ പങ്കെടുക്കുന്ന എല്ലാ പിതാക്കന്മാർക്കുംവേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് മേജർ ആർച്ചുബിഷപ്പ് സീറോമലബാർ സഭാവിശ്വസികളോട് അഭ്യർത്ഥിച്ചു.