കൊലപാതകമെന്ന് സംശയം; വിപഞ്ചികയുടെയും മകളുടെയും മരണത്തിൽ കുടുംബം ഹൈക്കോടതിയിൽ
Jul 16, 2025, 13:26 IST

കൊച്ചി: വിപഞ്ചികയുടെയും മകളുടെയും മരണത്തിൽ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. വിപഞ്ചികയുടെ അമ്മയുടെ സഹോദരിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കൊലപാതകമെന്ന് സംശയമുണ്ടെന്നും മൃതദേഹം ഷാർജയിൽ സംസ്‌കരിക്കാൻ അനുവദിക്കരുതെന്നും കുടുംബം ആവശ്യപ്പെടുന്നു.
വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റിവെച്ചിരുന്നു. സംസ്‌കാരം നടക്കുന്നതിന് തൊട്ടുമുമ്പ് കുഞ്ഞിന്റെ മൃതദേഹം വീണ്ടും മോർച്ചറിയിലേക്ക് മാറ്റി. നാട്ടിൽ സംസ്‌കരിക്കാൻ അനുവദിക്കണമെന്ന് വിപഞ്ചികയുടെ അമ്മ ഷൈലജയും ആവശ്യപ്പെട്ടിരുന്നു.
ഷാർജയിലെ വീട്ടിലാണ് വിപഞ്ചികയേയും ഒന്നേകാൽ വയസുള്ള മകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസെടുത്തിരുന്നു. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിൽ കുണ്ടറ പൊലീസാണ് കേസെടുത്തത്. ഭർത്താവ് നിതീഷിനെ ഒന്നാം പ്രതിയാക്കിയാണ് എഫ്‌ഐആർ.
ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. കേസിൽ നിതീഷ് ഒന്നാം പ്രതി, സഹോദരി നീതു രണ്ടാം പ്രതി, അച്ഛൻ മൂന്നാം പ്രതിയുമാണ്.