ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്ത് നിന്ന് ചാടിപ്പോയി, രക്ഷപ്പെട്ടത് ശുചിമുറിയുടെ ഭിത്തി തുരന്ന്
കോഴിക്കോട്: പെരിന്തൽമണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ് ആശുപത്രിയിലെ മൂന്നാം വാർഡിൽ ചികിത്സയിലിരിക്കെയാണ് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും തെരച്ചിൽ ഊർജിതമാക്കുകയും ചെയ്തു.
അതീവ സുരക്ഷയുള്ള വാർഡിൽ നിന്നാണ് വിനീഷ് രക്ഷപ്പെട്ടത്. ശുചിമുറിയുടെ ചുമർ തുരന്ന ശേഷം അതുവഴി പുറത്തുകടന്ന പ്രതി, പിന്നീട് ആശുപത്രിയുടെ ഉയർന്ന ചുറ്റുമതിൽ ചാടിക്കടക്കുകയായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് പ്രതിയെ കാണാനില്ലെന്ന വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
രണ്ടു വർഷം മുൻപും വിനീഷ് ഇതേ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് സമാനമായ രീതിയിൽ ചാടിപ്പോയിരുന്നു. അന്ന് ദിവസങ്ങൾക്കുള്ളിൽ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണ സ്വദേശിനി ദൃശ്യയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് വിനീഷ് പിടിയിലായത്. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ഡിസംബർ 10-നാണ് കുതിരവട്ടത്ത് എത്തിച്ചത്.
സംഭവത്തിന് പിന്നാലെ മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതി ട്രെയിൻ മാർഗ്ഗമോ മറ്റോ കടന്നുകളയാൻ സാധ്യതയുള്ളതിനാൽ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.