സുരേഷ് ഗോപി പരസ്യമായി പരിഹസിച്ചത് സങ്കടമുണ്ടാക്കി, നല്ല വാക്കാണ് പ്രതീക്ഷിച്ചത്, കരുവന്നൂരിലെ പണം വാങ്ങി തരാമെന്ന് ഉറപ്പ് നൽകിയിരുന്നു- ആനന്ദവല്ലി

തൃശൂര്‍ കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം എന്ന് കിട്ടുമെന്ന ചോദ്യത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ മറുപടിയില്‍ പ്രതികരണവുമായി പൊറത്തിശേരി സ്വദേശി ആനന്ദവല്ലി. സുരേഷ് ഗോപിയുടെ മറുപടി വേദനിപ്പിച്ചെന്ന് ആനന്ദവല്ലി മാധ്യമങ്ങളോട് പറഞ്ഞു.
'അങ്ങേരുടെ സ്വഭാവം അങ്ങനെ ആയിരിക്കുമെന്ന് ഞാന്‍ വിചാരിക്കുന്നു. എങ്കിലും നല്ലൊരു വാക്ക് പറയാമായിരുന്നു. അതില്‍ ഒരു വിഷമം ഉണ്ട്' - ആനന്ദവല്ലി പറഞ്ഞു.
'സുരേഷ്ഗോപിയെ കണ്ട സന്തോഷത്തില്‍ ഞാന്‍ ചെന്നതാ..കരുവന്നൂർ ബാങ്കിലെ നിക്ഷേപം എന്ന് കിട്ടുമെന്ന് ചോദിച്ചു. മന്ത്രിയെ കാണൂന്നൊക്കെയാണ് പറഞ്ഞത്. നല്ലൊരു വാക്ക് പറഞ്ഞില്ല. കാശ് കിട്ടുമോ കിട്ടില്ലെന്നോ പറഞ്ഞില്ല. അതില് വിഷമം ഉണ്ട്. ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയ കാശാണ്. വല്ലവരുടെ വീട്ടിൽ പോയി കലം കഴുകിയും പണിയെടുത്തും തുണി അലക്കിയും സ്വരുക്കൂട്ടി വെച്ച കാശാണ്. സുരേഷ് ഗോപി ജയിച്ചാൽ പണം കിട്ടുമെന്ന് എല്ലാവരും പറഞ്ഞതുകൊണ്ടാണ് ഞാന്‍ പോയി ചോദിച്ചത്...'ആനന്ദവല്ലി പറഞ്ഞു.
കലുങ്ക് സഭയിലാണ് സുരേഷ് ഗോപി ആനന്ദവല്ലിയെ പരിഹസിച്ചത്. കരുവന്നൂർ സഹകരണ ബാങ്കിലെ തന്റെ നിക്ഷേപം തിരികെ എടുക്കാൻ സഹായിക്കുമോ എന്നാണ് സുരേഷ് ഗോപിയോട് ആനന്ദവല്ലി ചോദിച്ചത്. അതിന് മുഖ്യമന്ത്രിയെ സമീപിക്കൂ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാൻ പറ്റുമോ എന്ന് വയോധിക ചോദിച്ചു. 'എന്നാൽ എന്റെ നെഞ്ചത്തോട്ട് കയറിക്കോ' എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.