തൃശൂരിൽ സുരേഷ് ഗോപി വിജയിച്ചത് കോൺഗ്രസ് പിന്തുണയോടെയെന്ന് ഫേസ്ബുക്ക് പോസ്റ്റ്; ഡിസിസി മുൻ ജനറൽ സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി
 

 
222

ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി വിജയിച്ചത് കോൺഗ്രസ് പിന്തുണയിലാണെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

തൃശൂർ ഡിസിസി മുൻ ജനറൽ സെക്രട്ടറിയും ഗുരുവായൂർ അർബൻ ബാങ്ക് ചെയർമാനുമായിരുന്ന പി. യതീന്ദ്രദാസിനെയാണ് പുറത്താക്കിയത്. വിവാദ ഫോൺ സംഭാഷണത്തിന്റെ പേരിൽ കെപിസിസി അച്ചടക്ക നടപടി നേരിട്ട തിരുവനന്തപുരം മുൻ ഡിസിസി പ്രസിഡന്റ് പാലോട് രവിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് യതീന്ദ്രദാസ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിട്ടത്.

രവിക്കുള്ള പിന്തുണക്കൊപ്പം തൃശൂർ ജില്ലയിലെ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ ലോക്സഭ തെരഞ്ഞെടുപ്പ് പരാജയവും മുൻ ഡിസിസി സെക്രട്ടറി ചൂണ്ടിക്കാട്ടി. മക്കളും ഭാര്യമാരും സുരേഷ് ഗോപിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന് നെഞ്ചത്ത് കൈവെച്ചു പറയാൻ കഴിയുന്ന എത്ര നേതാക്കൾ കോൺഗ്രസിൽ ഉണ്ടെന്നാണ് യതീന്ദ്ര ദാസ് ചോദിച്ചത്.

അഖിലേന്ത്യാ, സംസ്ഥാന നേതാക്കൾ ബിജെപിയിലേക്ക് പോകുന്നത് മാത്രമേ വാർത്തയാകുന്നുള്ളൂ. പ്രാദേശിക നേതാക്കളുടെ പോക്കിന്റെ വല്ല കണക്കും കൈയിലുണ്ടോ എന്നും പോസ്റ്റിൽ പറയുന്നു.

പോസ്റ്റ് വിവാദമായതോടെയാണ് യതീന്ദ്രദാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് വാർത്ത കുറപ്പിറക്കി. അതേസമയം കോൺഗ്രസ് നടപടിയോട് പരിഹാസത്തോട് പ്രതികരിച്ച യതീന്ദ്രദാസ് രൂക്ഷമായ വിമർശനങ്ങൾ തുടരുകയാണ്.

ഡിസിസി പ്രസിഡന്റ് അപഹാസ്യനാകരുതെന്നും തന്നെ പുറത്താക്കിയത് സംഘപരിവാറിനെ പ്രീതിപ്പെടുത്താനെണെന്നും യതീന്ദ്ര ദാസ് പ്രതികരിച്ചു.

കോൺഗ്രസിൽ നിന്ന് പുറത്ത് പോകാൻ മുൻകൂട്ടി നിച്ഛയിച്ച് പ്രവർത്തിച്ചിരുന്ന ആളാണ് യതീന്ദ്രദാസെന്നും അതിന്റെ ഭാഗാമായാണ് ഫേസ്ബുക്ക് പോസ്റ്റുകളെന്നുമാണ് ഡിസിസി നേതൃത്വം വിശദീകരിക്കുന്നത്.

Tags

Share this story

From Around the Web