'കന്യാസ്ത്രീകളുടെ അറസ്റ്റിന് ശേഷം സുരേഷ് ഗോപിയെ കാണാനില്ല'; പരാതി നൽകി കെഎസ്‌യു ജില്ലാ പ്രസിഡന്റ്

തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി. ഗുരുവായൂർ ഈസ്റ്റ് പൊലീസിൽ കെ.എസ്.യു ജില്ല അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ ഇതുസംബന്ധിച്ച് പരാതി നൽകിയത്.
കഴിഞ്ഞദിവസം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും സുരേഷ് ഗോപിയെ ട്രോളിയിരുന്നു. ‘തൃശൂരില്‍ ആര്‍ക്കോ വേണ്ടി കാണ്മാനില്ല പരസ്യം വന്നെന്ന് കേട്ടു’ എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്കിലൂടെയുള്ള പരിഹാസം. ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയും സമാനരീതിയിൽ സുരേഷ് ഗോപിയെ പരിഹസിച്ചിരുന്നു.
മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിക്കപ്പെട്ട് ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തിലും അതിനുശേഷം ഒഡിഷയിലും ബിഹാറിലുമടക്കം കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുനേരെ അതിക്രമം ഉണ്ടായ സംഭവങ്ങളിലുമടക്കം കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല. കുറച്ചുദിവസങ്ങളായി തൃശൂർ ലോക്സഭാ മണ്ഡലത്തിലും സുരേഷ് ഗോപിക്ക് പരിപാടികളൊന്നുമില്ല. എം.പിയുടെ ഓഫിസിൽ ബന്ധപ്പെട്ടെങ്കിലും കേന്ദ്ര മന്ത്രി എന്നുവരുമെന്ന കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ഗോകുൽ പറയുന്നു.
പിന്നാലെയാണ് ഇ-മെയിൽ വഴി പൊലീസിൽ പരാതി നൽകിയത്. തിരോധാനത്തിന് പിന്നിൽ ആരെന്ന് കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.