'സുരേഷ് ഗോപി സിനിമയിലാണ് ജീവിക്കുന്നത്, തൃശൂരിലെ വോട്ടർമാർക്ക് പറ്റിയ അബദ്ധം വൈകാതെ തിരുത്തും'; എ.എ റഹീം എംപി

തിരുവനന്തപുരം: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനവുമായി ബന്ധപ്പെട്ട് വളരെ പോസിറ്റീവായ സമീപനമാണ് സിപിഎം സ്വീകരിച്ചതെന്ന് അഡ്വ എ.എ റഹീം എംപി.
''സുരേഷ് ഗോപി സിനിമയിലാണ് ജീവിക്കുന്നത്. സിനിമ ജീവിതമല്ല. സിനിമയും അദ്ദേഹത്തിന്റെ താരപ്രഭയും കണ്ടപ്പോൾ തൃശൂരിലെ കുറെ വോട്ടർമാർക്ക് കുറച്ച് അബദ്ധം പറ്റിയിട്ടുണ്ട്. ആ അബദ്ധം വൈകാതെ തിരുത്തും''- അദ്ദേഹം പറഞ്ഞു.
''കേരളത്തിലെ ബിജെപി കാണിച്ചത് സാമൂഹ്യവിചാരണ ചെയ്യേണ്ട വിഷയമാണ്. ജയിലിലടച്ച അതേ ബിജെപി തന്നെ സ്വീകരിക്കാൻ പോയി നിൽക്കുന്നു. രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള അങ്ങേയറ്റം തരംതാഴ്ന്ന പ്രവൃത്തിയാണിത്. സേതുരാമയ്യർ സിബിഐയിലെ 'ടെയിലർ മണി'യുടെ കളി പോലെയാണ് രാജീവ് ചന്ദ്രശേഖർ കാണിച്ചത്. ടെയിലർ മണിമാരെ തിരിച്ചറിയാൻ ശേഷിയില്ലാത്തവരല്ല മലയാളികൾ, ടെയിലർ മണിമാർക്ക് മുഖത്തേറ്റ മറുപടിയാണ് ഇന്നത്തെ ദീപിക പത്രത്തിലെ ലേഖനം''- അദ്ദേഹം വ്യക്തമാക്കി.