ഇന്നും വേനൽ മഴ പ്രതീക്ഷിക്കാം. ആശ്വാസമായി വേനൽ മഴയെത്തിയെങ്കിലും ശക്തമായ കാറ്റിൽ പരക്കെ നാശനഷ്ടം. പാറത്തോട് പാലമ്പ്രയിൽ പള്ളിമുറിക്ക് ഇടിമിന്നലേറ്റു
കോട്ടയം: കത്തുന്ന വെയിലിന് ആശ്വാസമായി ഇന്നും വേനൽ മഴ ഉണ്ടാകും. മധ്യകേരളത്തിലെ മലയോര മേഖലയിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. ഇന്നലെ പകൽ പൊള്ളുന്ന താപനിലയായിരുന്നു. വൈകിട്ടോടെ അന്തീരക്ഷം മാറി. ശക്തമായും കാറ്റ് ആഞ്ഞുവീശി. ഇതിനൊപ്പം മഴയും ഇടിയും മിന്നലും എത്തി.
ശക്തമായ കാറ്റിൽ ജില്ലയിൽ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങളും ഉണ്ടായി. മരക്കൊമ്പുകൾ ഒടിഞ്ഞുവീഴുകയും, റോഡിൽ മലിനജലവും വെള്ളക്കെട്ടും നിറഞ്ഞു. പല സ്ഥലത്തും വൈദ്യുതി ലൈനുകളിൽ മരച്ചില്ലകൾ വീഴുകയും വൈദ്യുതി തടസപെട്ടു.
ശക്തമായ ഇടിമിന്നലിൽ പാറത്തോട് പാലമ്പ്ര ഗദ്സെമൻ പള്ളിമുറിക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. ഇടവക വികാരിയുടെ മുറിക്കാണ് മിന്നലേറ്റത്. സംഭവസമയത്ത് വൈദികൻ മുറിയിൽ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
ഇടിമിന്നലിന്റെ ആഘാതത്തിൽ മുറിയുടെ സീലിംഗ് പൂർണ്ണമായും തകർന്നു. കൂടാതെ മുറിയിലുണ്ടായിരുന്ന കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിനശിച്ചു. സംഭവമറിഞ്ഞ ഉടൻ തന്നെ കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ഇലക്ട്രിക് ഉപകരണങ്ങൾക്കും കെട്ടിടത്തിനും തകരാർ ഉണ്ട്.
പാമ്പാടിയിൽ വേനൽ മഴ മഴക്കൊപ്പം ഉണ്ടായ കാറ്റിൽ വീടിന്റെ മേൽക്കൂര പറന്ന് പോയി. സൗത്ത് പാമ്പാടി പാമ്പാടി ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മാന്തുരുത്തി പള്ളിക്കുന്ന് പള്ളിക്കുന്നേൽ യോഹന്നാന്റെയും ആക്കവയലിൽ ജോണിയുടെയും വീടിന്റെ മേൽക്കൂരയാണ് കാറ്റിൽ പറന്നത്. കാറ്റിനെ തുടർന്ന് എം.സി റോഡിൽ വെമ്പള്ളിയിൽ കെട്ടിടത്തിന്റെ മേൽക്കൂര റോഡിൽ പതിച്ചു. മാസങ്ങളായി അടച്ചിട്ടിരുന്ന അന്നപൂർണേശ്വരി ഹോട്ടലിനറെ മേൽക്കൂരയാണ് റോഡിൽ വീണത്.
ഷീറ്റ് ഉപയോഗിച്ച് നിർമ്മിച്ചിരുന്ന മേൽക്കൂര കമ്പികൾ സഹിതം റോഡിലേക്ക് പതിക്കുകയായിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്കായി മാസങ്ങളായി അടച്ചിരിക്കുകയായിരുന്നു. കുറവിലങ്ങാട് പൊലീസും അഗ്നിശമനേസനയും സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ച് റോഡിൽ നിന്നും ഇവ നീക്കം ചെയ്തു. പ്രദേശത്തെ വൈദ്യുതി പോസ്റ്റുകൾക്കും നാശനഷ്ടം വന്നതോടെ വൈദ്യുതിയും മുടങ്ങി പ്രദേശം ഇരുട്ടിലായി.