നെഞ്ച് തകർന്ന് സുജയെത്തി, മകനെ അവസാനമായി ഒരു നോക്ക് കാണാൻ, ഇളയ മകനെ ചേര്‍ത്ത് പൊട്ടിക്കരഞ്ഞു

കൊല്ലത്ത് തേവലക്കര സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ അമ്മ സുജ നാട്ടിലെത്തി. രാവിലെ ഒന്‍പതരയോടെയാണ് സുജ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്കെത്തിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിക്ക് കുവൈത്തിലേക്ക് തിരിച്ച് രാത്രി എത്തിച്ചേര്‍ന്നു. ശേഷം പുലര്‍ച്ചെ 01.15ന് കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനത്തില്‍ പുറപ്പെടുകയായിരുന്നു. ഒന്‍പത് മണിയോടെ തന്നെ വിമാനം നെടുമ്പാശേരിയിലെത്തി.
നാല് മാസം മുമ്പാണ് സുജ ജോലിയ്ക്കായി തുര്‍ക്കിയിലേക്ക് പോയത്. സുജയെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ഇളയ മകനും അടുത്ത ബന്ധുക്കളുമാണ് പോയിരുന്നത്. വിമാനത്താവളത്തിന് പുറത്ത് വൈകാരിക നിമിഷങ്ങളായിരുന്നു ഉണ്ടായിരുന്നത്. പുറത്തിറങ്ങിയ സുജ ഇളയ മകനെ ചേര്‍ത്തു നിര്‍ത്തി പൊട്ടിക്കരഞ്ഞു. മിഥുന്റെ മൃതദേഹം രാവിലെ പത്ത് മണിക്ക് തേവലക്കര സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. 12ന് വീട്ടിലെത്തിച്ച് വൈകുന്നേരത്തോടെയായിരിക്കും വീട്ടു വളപ്പില്‍ സംസ്‌കരിക്കുക.