സുഡാനിൽ ആഭ്യന്തരയുദ്ധം രൂക്ഷമായി; പട്ടിണിയിലായി ദശലക്ഷങ്ങൾ
മൂന്നുവർഷമായി തുടരുന്ന സുഡാനിലെ ആഭ്യന്തരയുദ്ധം രാജ്യത്തെ അതീവഗുരുതരമായ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. എതിരാളികൾ ആയുധംവച്ചു കീഴടങ്ങാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് സുഡാൻ സൈനികമേധാവി ജനറൽ അബ്ദുൽ ഫത്താ അൽ ബുർഹാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വെടിനിർത്തലിനായി അന്താരാഷ്ട്രതലത്തിൽ സമ്മർദങ്ങളേറുന്നുണ്ടെങ്കിലും യുദ്ധം രൂക്ഷമായി തുടരുന്നത് ജനങ്ങളുടെ ജീവിതം നരകതുല്യമാക്കിയിരിക്കുകയാണ്.
യുദ്ധം മൂലം സുഡാനിലെ പല ഗ്രാമങ്ങളിലും ഇപ്പോൾ ആളുകളില്ലാത്ത നിലയിലാണ്. ഏകദേശം രണ്ടുകോടിയിലധികം ആളുകൾ കടുത്ത പട്ടിണി അനുഭവിക്കുന്നതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഭക്ഷണത്തിനും മരുന്നിനും വലിയ ക്ഷാമം നേരിടുന്നതിനാൽ പല കുടുംബങ്ങളും പട്ടിണിയിലാണെന്നും സഹായമെത്തിക്കാൻ സാധിക്കുന്നില്ലെന്നും സന്നദ്ധസംഘടനകൾ പറയുന്നു.
അതേസമയം, അന്താരാഷ്ട്രതലത്തിൽ ലഭിച്ചിരുന്ന സാമ്പത്തിക സഹായങ്ങൾ പകുതിയിലേറെ വെട്ടിക്കുറച്ചതും പ്രതിസന്ധി വർധിപ്പിക്കുന്നുണ്ട്. പല നഗരങ്ങളും ശത്രുസൈന്യത്തിന്റെ ഉപരോധത്തിലായതിനാൽ ജനങ്ങൾക്ക് പുറത്തിറങ്ങാനോ, ആഹാരം കണ്ടെത്താനോ സാധിക്കുന്നില്ല. രാജ്യം വലിയൊരു മാനുഷികദുരന്തത്തിലേക്കു നീങ്ങുമ്പോൾ സഹായത്തിനായി ലോകരാജ്യങ്ങളുടെ ഇടപെടൽ പ്രതീക്ഷിച്ചിരിക്കുകയാണ് സുഡാൻ ജനത.