സ്വദേശത്തേക്ക് മടങ്ങുന്ന സുഡാൻ അഭയാർത്ഥികൾ നേരിടുന്നത് കടുത്ത അതിജീവന പോരാട്ടം: മുന്നറിയിപ്പുമായി യുഎൻ
ആഭ്യന്തര യുദ്ധം തകർത്ത സുഡാനിൽ നിന്ന് പലായനം ചെയ്ത് തിരികെ എത്തുന്ന ലക്ഷക്കണക്കിന് അഭയാർത്ഥികൾ വീണ്ടും അതിജീവനത്തിനായി കടുത്ത പോരാട്ടത്തിലാണെന്ന് ഐക്യരാഷ്ട്രസഭ. യുദ്ധം കാരണം തകർന്നടിഞ്ഞ അടിസ്ഥാന സൗകര്യങ്ങളും ഭക്ഷ്യക്ഷാമവുമാണ് ഇവരെ വീണ്ടും പ്രതിസന്ധിയിലാക്കുന്നത്.
മൂന്ന് വർഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിനിടയിലും ഏകദേശം 40 ലക്ഷത്തോളം പേർ തങ്ങളുടെ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയെത്തിയതായി അന്താരാഷ്ട്ര കുടിയേറ്റ സംഘടന അറിയിച്ചു. മടങ്ങിയെത്തുന്നവർക്ക് താമസിക്കാൻ വീടുകളോ, കുടിക്കാനായി ശുദ്ധജലമോ ലഭ്യമല്ല. വൈദ്യുതി, ആരോഗ്യ സംവിധാനങ്ങൾ എന്നിവ പൂർണ്ണമായും തകർക്കപ്പെട്ട നിലയിലാണ്.
സുഡാനിൽ ഏകദേശം 2.9 കോടി ആളുകൾ കടുത്ത പട്ടിണി നേരിടുന്നുണ്ട്. മടങ്ങിയെത്തിയ കർഷകർക്ക് തകർന്ന ജലസേചന സംവിധാനങ്ങൾ കാരണം കൃഷി പുനരാരംഭിക്കാൻ കഴിയുന്നില്ല. ഇത് ഭക്ഷ്യലഭ്യതയെ സാരമായി ബാധിക്കുന്നു. സുഡാൻ തലസ്ഥാനമായ ഖാർത്തൂമിലേക്കാണ് ഏറ്റവും കൂടുതൽ ആളുകൾ മടങ്ങുന്നത്. എന്നാൽ ഇവിടത്തെ കെട്ടിടങ്ങളും റോഡുകളും യുദ്ധത്തിൽ തകർന്നതിനാൽ ജീവിതം ദുസ്സഹമാണ്.