നരകതുല്യം സുഡാൻ; മൂന്നാം വർഷത്തിലേക്ക് കടക്കുന്ന യുദ്ധത്തിൽ ഇരയാകുന്നത് പതിനായിരക്കണക്കിന് സ്ത്രീകൾ

 
22222

ഖാർത്തൂം: സുഡാനിൽ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും സുഡാൻ സൈന്യവുംതമ്മിലുള്ള പോരാട്ടം മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ സാധാരണക്കാരായ സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം നരകസമാനമെന്ന് റിപ്പോർട്ട്. ഡാർഫൂർ മേഖലയിൽ ലൈംഗിക അതിക്രമങ്ങൾ സൈനികർ ഒരു യുദ്ധതന്ത്രമായി ഉപയോഗിക്കുകയാണെന്ന് മെഡിക്കൽ ചാരിറ്റിയായ മെഡിസിൻസ് സാൻസ് ഫ്രോണ്ടിയേഴ്സ് പുറത്തുവിട്ട ഞെട്ടിക്കുന്ന റിപ്പോർട്ടിൽ പറയുന്നു.

2024 ജനുവരി മുതൽ 2025 നവംബർ വരെയുള്ള കാലയളവിൽ മാത്രം എം.എസ്.എഫ് ക്ലിനിക്കുകളിൽ 3,396 അതിക്രമ ഇരകളാണ് ചികിത്സ തേടിയെത്തിയത്. ഇതിൽ ഭൂരിഭാഗം പേരും ഒന്നിലധികം പേർ ചേർന്നുള്ള കൂട്ടബലാത്സംഗത്തിനാണ് ഇരയായത്. തോക്കിൻ മുനയിൽ നിർത്തിയും ബന്ധുക്കളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് അതിക്രമങ്ങൾ അരങ്ങേറുന്നത്. പീഡനത്തിനിടെ 22 വയസുള്ള യുവതി കൊല്ലപ്പെട്ടതടക്കമുള്ള അതിജീവിതരുടെ സാക്ഷ്യപ്പെടുത്തലുകൾ മനുഷ്യമനസാക്ഷിയെ നടുക്കുന്നതാണ്.

ദൈനംദിന ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ പോലും സുരക്ഷിതരല്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചികിത്സ തേടിയെത്തിയവരിൽ 56 ശതമാനം പേരും ആക്രമിക്കപ്പെട്ടത് വിറക് ശേഖരിക്കാനോ വെള്ളം കോരാനോ പോയപ്പോഴോ കൃഷിയിടങ്ങളിൽ ജോലി ചെയ്യുമ്പോഴോ ആണ്. മുഖം മറച്ചെത്തുന്ന സംഘങ്ങൾ കൂട്ടം ചേർന്നാണ് സ്ത്രീകളെ വേട്ടയാടുന്നത്. ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വീടിന് പുറത്തിറങ്ങാതിരിക്കുക എന്നതല്ലാതെ മറ്റൊരു മാർ​ഗവുമില്ലെന്ന് ഇവിടുത്തെ സ്ത്രീകൾ സാക്ഷ്യപ്പെടുത്തുന്നു.

ആഭ്യന്തര യുദ്ധം മൂലം സുഡാനിലെ ആരോഗ്യരംഗം പൂർണമായും തകർന്നിരിക്കുകയാണ്. അതിനാൽ തന്നെ അതിക്രമത്തിന് ഇരയാകുന്നവർക്ക് ആവശ്യമായ വൈദ്യ സഹായമോ മാനസികമായ പിന്തുണയോ നൽകാൻ സാധിക്കുന്നില്ല. സാമൂഹികമായ അപമാനം ഭയന്നും നിയമസംവിധാനങ്ങളുടെ അഭാവം മൂലവും ഭൂരിഭാഗം കേസുകളും പുറംലോകം അറിയാതെ പോകുകയാണെന്നും എം.എസ്.എഫ് ആശങ്ക പ്രകടിപ്പിച്ചു. ലോകം ഈ ക്രൂരതകൾക്ക് നേരെ കണ്ണടയ്ക്കരുതെന്ന് സംഘടന അഭ്യർത്ഥിച്ചു.

Tags

Share this story

From Around the Web