സബ്ജക്ട് ഈസ് ക്ലോസ്ഡ്, ചർച്ചയ്‌ക്കൊന്നും ഇനി കാര്യമില്ല- അമൃതാനന്ദമയി വിഷയത്തിൽ സജി ചെറിയാൻ
Sep 28, 2025, 11:01 IST

കൊച്ചി: അമൃതാനന്ദമയിയെ ആശ്ലേഷിച്ചത് വിമർശനങ്ങൾക്ക് വഴിവെച്ചതോടെ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. വിഷയത്തിൽ ഒരു പരിഹാസവുമില്ലെന്നും അത് കഴിഞ്ഞ കാര്യമാണെന്നും പറഞ്ഞ് സജി ചെറിയാൻ ഒഴിഞ്ഞുമാറുകയായിരുന്നു. 'സബ്ജക്ട് ഈസ് ക്ലോസ്ഡ്' എന്ന് മാധ്യമങ്ങളോട് പറഞ്ഞ അദ്ദേഹം, അത് കഴിഞ്ഞെന്നും ചർച്ചയ്‌ക്കൊന്നും ഇനി കാര്യമില്ലെന്നും വ്യക്തമാക്കി. താൻ അതിൽ വിശദീകരണം നൽകിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ ലോകത്തെ അഭിസംബോധന ചെയ്ത് മലയാളത്തിൽ പ്രസംഗിച്ചതിന്റെ രജതജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിയെ സംസ്ഥാന സർക്കാർ ആദരിച്ചത്. അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ നടന്ന ചടങ്ങിൽ വകുപ്പ് മന്ത്രി സജി ചെറിയാനായിരുന്നു ആദരം അര്‍പ്പിച്ചത്. മാതാ അമൃതാനന്ദമയിയുടെ 72-ാം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ആയിരുന്നു ആദരം.