തേവലക്കരയിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: മാനേജ്മെന്‍റ് ഭാരവാഹികളെയും കെഎസ്ഇബി ഉദ്യോഗസ്ഥരെയും പ്രതി ചേർക്കും

 
1

കൊല്ലം: തേവലക്കരയിൽ ഷോക്കേറ്റ് വിദ്യാർഥി മരിച്ചതിൽ നടപടി കടുപ്പിച്ച് പൊലീസ്. മിഥുന്റെ മരണത്തിൽ മാനേജ്മെന്‍റ് ഭാരവാഹികളെയും കെഎസ്ഇബി ഉദ്യോഗസ്ഥരെയും പ്രതി ചേർക്കും. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ പഞ്ചായത്ത് അസി. എൻജിനീയർക്കെതിരെയും കേസെടുക്കും.

മാനേജ്മെൻറ് കമ്മറ്റി യോഗത്തിന്റെ മിനിറ്റ്സ് ബുക്ക് ശേഖരിച്ച പൊലീസ് വിവിധ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങളിൽ നിന്ന് മൊഴിയെടുത്തു. മിഥുന്റെ സഹപാഠികളിൽ നിന്നും അധ്യാപകരിൽ നിന്നും മൊഴിയെടുക്കും. കേസ് അന്വേഷിക്കാൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

മിഥുന്റെ മരണത്തിനിടയാക്കിയ വൈദ്യുതി കമ്പികൾ ശനിയാഴ്ച രാത്രി അഴിച്ചുമാറ്റിയിരുന്നു.മൈനാഗപ്പള്ളി കെഎസ്ഇബി സെക്ഷനിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു നടപടി.സ്കൂളിലെ സൈക്കിൾ ഷെഡ്ഡിന് മുകളിലൂടെ വലിച്ചിരുന്ന ത്രീ ഫേസ് ലൈനാണ് അഴിച്ചത്.

കഴിഞ്ഞദിവസം സ്കൂളിൽ ചേർന്ന യോഗത്തിൽ വൈദ്യുതി കമ്പി എത്രയും വേഗം അഴിച്ചു മാറ്റാൻ അപേക്ഷ നൽകാൻ തീരുമാനിച്ചിരുന്നു.ഇതിന് പിന്നാലെ ആണ് നടപടി. വ്യാഴാഴ്ചയാണ് സുഹൃത്തുക്കൾക്കൊപ്പം കളിക്കവേ ഷീറ്റിൽ വീണ ചെരുപ്പെടുക്കാൻ കയറിയ മിഥുൻ താഴ്ന്നു കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. ആയിരങ്ങളുടെ സങ്കടമേറ്റ് വാങ്ങി ഇന്നലെ നാലരയോടെയാണ് വീട്ടുവളപ്പിൽ മിഥുന്റെ സംസ്കാര ചടങ്ങുകൾ നടത്തിയത്.

Tags

Share this story

From Around the Web