സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർത്ഥിനി മരിച്ചു, മരണത്തിലും മാതൃകയായി അയോന, അവയവങ്ങൾ ദാനം ചെയ്യും
കണ്ണൂർ: പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു. പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ അയോന മോൺസൺ (17) ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം നടന്നത്. രാവിലെ സ്കൂളിലെത്തിയ വിദ്യാർഥിനി മൂന്നാം നിലയിൽ കയറി താഴേക്ക് ചാടുകയായിരുന്നു. ലാബ് പരീക്ഷയുണ്ടെന്ന് പറഞ്ഞാണ് രാവിലെ വിദ്യാലയത്തിലെത്തിയത്. പഠിക്കുവാൻ മിടുക്കിയായിരുന്നു. അമ്മ ഈ മാസം മുപ്പതിന് വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടയിലാണ് എല്ലാവരെയും നടുക്കിയ ദുരന്തം.
ഗുരുതരമായി പരിക്കേറ്റ അയോന കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്. മരണശേഷവും അയോന മറ്റുള്ളവർക്ക് വെളിച്ചമാവുകയാണ്. കുട്ടിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിച്ചു.