സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷം; കഴിഞ്ഞ 5 വർഷത്തിനിടെ ജീവൻ നഷ്ടപ്പെട്ടത് 106 പേർക്ക്, തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവ്

സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷം. തെരുവുനായക്കളുടെ കടിയേറ്റ് കേരളത്തിൽ നിരവധി പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കഴിഞ്ഞ 5 വർഷത്തിനിടെ 106 പേരുടെ ജീവനാണ് തെരുവുനായ ആക്രമണത്തിൽ നഷ്ടമായത്. 2022 - ൽ 27 പേരും 2023 ൽ 25 ഉം 2024 ൽ 26 ഉം ആളുകൾ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചു.
തെരുവ് നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണത്തിലും ക്രമാതീതമായ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2012 മുതൽ തെരുവുനായക്കളുടെ കടിയേറ്റ് കേരളത്തിൽ മരിച്ചവരുടെ വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. 2012 - ൽ 13 പേരും 2013 - ൽ 11 പേരുമാണ് തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചത്. പിന്നീട് മരണസംഖ്യയിൽ കുറവുണ്ടായി. 2013 മുതൽ 2020 വരെയുള്ള 7 വർഷത്തിനിടയ്ക്ക് 46 പേർക്കാണ് ജീവൻ നഷ്ടമായത്.
2021 മുതൽ മരണസംഖ്യയിൽ വർധന രേഖപ്പെടുത്താൻ തുടങ്ങി. 2021 - ൽ 11 മരണം റിപ്പോർട്ട് ചെയ്തപ്പോൾ 2022 - ൽ അത് 27 ആയി ഉയർന്നു. 2023 ൽ ഇരുപത്തിയഞ്ചും 2024 ൽ ഇരുപത്തിയാറും പേർക്ക് തെരുവുനായ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടു. 2025 ൽ ഇത് വരെ മാത്രം 17 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണത്തിലും വലിയ വർധയാണ് റിപ്പോർട്ട് ചെയ്യുന്നത്.
2017 ൽ ഒരു ലക്ഷത്തി 35,000 പേർക്കാണ് കടിയേറ്റതെങ്കിൽ 2024 എത്തുമ്പോൾ മൂന്നു ലക്ഷത്തി പതിനാറായിരത്തിലേറെ പേർക്ക് കടിയേറ്റുവെന്നാണ് റിപ്പോർട്ട്. ഏഴുവർഷം കൊണ്ട് കടിയേൽക്കുന്നവരുടെ എണ്ണത്തിൽ ഇരട്ടിയിൽ അധികം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2023 ൽ മൂന്ന് ലക്ഷത്തി6000 പേർക്കും 2022 ൽ രണ്ട് ലക്ഷത്തി 88,000 പേർക്കുമാണ് കടിയേറ്റത്. സർക്കാരിൻ്റെ കണക്കുപ്രകാരം സംസ്ഥാനത്ത് 2 ലക്ഷത്തി 89,000 തെരുവുനായ്ക്കളാണുള്ളത്. 50869 തെരുവ് നായ്ക്കളുള്ള കൊല്ലം ജില്ലയിലാണ് ഏറ്റവും മുന്നിൽ.
47829 തെരുവ് നായ്ക്കളുള്ള തിരുവനന്തപുരം ജില്ലയാണ് പട്ടികയിൽ രണ്ടാമത്. സംസ്ഥാനത്ത് 16 ആനിമൽ ബർത്ത് കൺട്രോൾ സെൻ്ററുകൾ പ്രവർത്തിക്കുമ്പോൾ മലപ്പുറം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ABC സെൻ്ററുകൾ പ്രവർത്തിക്കുന്നില്ല. വയനാട്ടിൽ ആഴ്ചകൾക്ക് മുമ്പാണ് ABC സെൻ്റർ പ്രവർത്തനം ആരംഭിച്ചത്.