ബബിൾഗമിൽ ഒട്ടിപ്പിടിച്ചു, ചെരുപ്പിനടിയിൽ നിന്ന് കിട്ടിയത് ഒരു പവൻ സ്വർണം, ഹരിത കർമസേനയ്ക്ക് കൈയടി
കാസർകോട്: ഉപയോഗശൂന്യമായ ചെരുപ്പുകൾ ശേഖരിക്കുന്നതിനിടെ ഹരിതകർമസേന അംഗങ്ങൾക്ക് ലഭിച്ച സ്വർണത്താലി ഉടമയ്ക്ക് തിരികെ നൽകി. പള്ളിക്കര ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേന അംഗങ്ങളായ സുജ, സുനിത എന്നിവർക്കാണ് ഒരു പവൻ തൂക്കം വരുന്ന സ്വർണത്താലി ലഭിച്ചത്. എണ്ണപ്പാറ സ്വദേശി ജിഷയ്ക്ക് ഒരാഴ്ച മുൻപ് നഷ്ടമായ താലിയാണ് അവിശ്വസനീയമായ രീതിയിൽ തിരികെ ലഭിച്ചത്.
വിഷുവിന് മുൻപ് ചെർക്കാപ്പാറയിലെ ബന്ധുവീട്ടിൽ വിരുന്നെത്തിയപ്പോഴാണ് ജിഷയുടെ താലി നഷ്ടമായത്. വീട്ടുകാരും നാട്ടുകാരും ചേർന്ന് പ്രദേശം മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും സ്വർണം കണ്ടെത്താനായില്ല. ഇതോടെ ജിഷ സങ്കടത്തോടെ മടങ്ങുകയായിരുന്നു. അന്ന് തിരച്ചിലിൽ സഹായിയായി ഉണ്ടായിരുന്ന അയൽവാസി സുധയുടെ ചെരുപ്പ് ഈ സമയത്ത് പൊട്ടിയിരുന്നു. ഇത് പിന്നീട് ഹരിതകർമസേനയ്ക്ക് കൈമാറാനായി മാറ്റിവെച്ചു.
ഉപയോഗശൂന്യമായ ചെരുപ്പുകൾ ശേഖരിക്കാൻ സുജയും സുനിതയും സുധയുടെ വീട്ടിലെത്തിയപ്പോൾ ഒരു ചാക്ക് ചെരുപ്പുകൾക്കൊപ്പം മാറ്റിവെച്ചിരുന്ന ഒരു ജോഡി കൂടി അവർക്ക് നൽകി. ശേഖരിച്ച ചെരുപ്പുകൾ സിമന്റ് തറയിലിട്ട് ഉരച്ച് അഴുക്ക് കളയുന്നതിനിടെയാണ് സുജയുടെ ശ്രദ്ധയിൽ ഒരു സ്വർണ്ണത്തിളക്കം പെട്ടത്. പരിശോധിച്ചപ്പോൾ ചെരുപ്പിനടിയിൽ പറ്റിപ്പിടിച്ചിരുന്ന ബബിൾഗമിനുള്ളിൽ സ്വർണത്താലി ഒട്ടിപ്പിടിച്ച നിലയിലായിരുന്നു.
ഉടൻതന്നെ ഇവർ വിവരം സുധയെയും മറ്റ് അധികൃതരെയും അറിയിച്ചു. കാണാതായ താലിയുടെ ഫോട്ടോ അയച്ചുതന്നതോടെ സ്വർണം ജിഷയുടേതാണെന്ന് സ്ഥിരീകരിച്ചു. സ്വർണം സുരക്ഷിതമായി ഉടമയ്ക്ക് കൈമാറിയ ഹരിതകർമസേന അംഗങ്ങളെ നാട്ടുകാരും ജനപ്രതിനിധികളും അഭിനന്ദിച്ചു.