സംസ്ഥാന സെക്രട്ടറി ഭാരത് മാതാ കീ ജയ് വിളിച്ചത് ഗുരുതരമായ തെറ്റ്: സിപിഐ സമ്മേളനത്തിൽ ബിനോയ് വിശ്വത്തിന് വിമർശനം

 
3333

ആലപ്പുഴ: ബിനോയ് വിശ്വം ഭാരത് മാതാ കീ ജയ് വിളിച്ചത് ഗുരുതരമായ തെറ്റെന്ന് ആലപ്പുഴയിൽ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിൽ വിമർശനം. സംസ്ഥാന സെക്രട്ടറി ഒരേ വിഷയത്തിൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും വ്യത്യസ്ത അഭിപ്രായം പറയുന്നതായും വിമർശനം ഉയർന്നു.

കണ്ണൂർ ജില്ലാ കൗൺസിൽ പ്രതിനിധിയാണ് വിമർശനം ഉന്നയിച്ചത്. സംസ്ഥാന സെക്രട്ടറി പറയുന്നത് പലപ്പോഴും മനസ്സിലാവുന്നില്ലെന്ന് കോട്ടയത്ത് നിന്നുള്ള പ്രതിനിധിയും വിമർശനം ഉന്നയിച്ചു.

സിപിഐയിൽ താഴേത്തട്ടിൽ വിഭാ​ഗീയത ഇല്ലെന്നും മുകൾത്തട്ടിലാണ് വിഭാ​ഗീയതയെന്നും അത് ചെയ്യുന്നത് സംസ്ഥാന നേതൃത്വമാണെന്നും വിമർശനം ഉയർന്നു. മൂന്ന് വർഷത്തിനിടയിൽ കേവലം 11 തവണ മാത്രമാണ് സംസ്ഥാന കൗൺസിൽ കൂടിയതെന്ന വിമർശനവും ഉയർന്നു. കൗൺസിലിൻ്റെ അധികാരം മുഴുവൻ എക്സിക്യൂട്ടീവ് കവർന്നെടുക്കുകയാണ്.

മന്ത്രിമാരെല്ലാം സംസ്ഥാന എക്സിക്യൂട്ടീവിലും ദേശീയ കൗൺസിലിലും അംഗങ്ങളാണ്. ആ നിലയ്ക്കുള്ള സംഘടനാ ചുമതലകൾ അവർ നിറവേറ്റിയിട്ടില്ല. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളുടെ പ്രവർത്തനങ്ങൾ പരിശോധിക്കാൻ ബാധ്യതയുള്ള പാർട്ടി നേതൃത്വം അതിന് തയ്യാറായിട്ടില്ല എന്നും പ്രതിനിധികൾ വിമർശനം ഉയർത്തി. പാർട്ടി കമ്മിറ്റികൾ സമ്പൂർണ പരാജയമാണെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.

Tags

Share this story

From Around the Web