സംസ്ഥാന സ്കൂൾ കലോത്സവം: താമര ഒരു ദേശീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ്, ഒഴിവാക്കിയത് വിവാദമാകാതിരിക്കാനാണെന്ന് വി. ശിവൻകുട്ടി
തിരുവനന്തപുരം: കലോത്സവ വേദികളിൽ നിന്ന് താമരയെ ഒഴിവാക്കിയത് പ്രതിഷേധങ്ങൾക്കിടയാക്കും എന്ന് കരുതുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അവസാനം തൃശൂരിൽ വച്ച് നടന്ന കലോത്സവത്തിലും പുഷ്പങ്ങളുടെ പേരാണ് വേദികൾക്ക് ഇട്ടിരുന്നത്. അന്നും താമര ഉണ്ടായിരുന്നില്ല. താമര ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ്. വിവാദമാകാതിരിക്കാൻ വേണ്ടിയാണ് താമര ഇത്തവണയും ഒഴിവാക്കിയതെന്നും ഇതിൽ നിക്ഷിപ്ത താൽപ്പര്യമില്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
കൈക്കൂലി ആരോപണം നേരിട്ട എൻഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെതിരെ എത്രയും വേഗത്തിൽ എഫ്ഐആർ ഇട്ട് അന്വേഷണം നടത്തണമെന്നും ശിവൻകുട്ടി പറഞ്ഞു. ഒരു മണിക്കൂർ താമസിച്ചാൽ അയാൾക്ക് സ്വാധീനത്തിലൂടെ രക്ഷപെടാൻ സാധിക്കും. അയാളെ ജയിലിൽ അടച്ച് അന്വേഷണം നടത്തണം.
രാധാകൃഷ്ണനെ പോലുള്ളവരിലൂടെ കേന്ദ്ര ഏജൻസികളുടെ വിശ്വാസം തന്നെ നഷ്ടപ്പെട്ടു. രാധാകൃഷ്ണൻ എന്തെല്ലാം കോലാഹലങ്ങളാണ് കേരളത്തിൽ ഉണ്ടാക്കിയത്. സ്വർണക്കടത്തും ബിരിയാണി ചെമ്പും സ്വപ്ന സുരേഷും ലൈഫ് മിഷനും ഒക്കെ രാധാകൃഷ്ണൻ ഉണ്ടാക്കിയ കോലാഹലങ്ങളാണ്. മുഖ്യമന്ത്രിയെ പ്രതിയാക്കാനാണ് ഇതിലൂടെ ശ്രമിച്ചത്. രാധാകൃഷ്ണനെ പിരിച്ചുവിട്ട കാര്യം സ്വാഗതാർഹമാണെന്നും ശിവൻകുട്ടി പറഞ്ഞു.
അതേസമയം, കലോത്സവ വേദികളിൽ നിന്ന് താമരയെ ഒഴിവാക്കിയ സംഭവത്തിൽ യുവമോർച്ച പ്രതിഷേധം. പൂക്കളുടെ പേരുകളാണ് വേദികൾക്ക് തീരുമാനിച്ചിരിക്കുന്നത്, ഇതിൽ താമരയെ ഒഴിവാക്കിയതിലാണ് പ്രതിഷേധം. മന്ത്രിമാരുടെ നേതൃത്വത്തിൽ അവലോകനയോഗം നടക്കുന്നതിനിടെയാണ് പ്രതിഷേധവുമായി യുവമോർച്ച രംഗത്തെത്തിയത്.