പാമ്പുഭീതിയിൽ സംസ്ഥാനം; കോഴിക്കോടും ആലപ്പുഴയിലുമായി മൂന്ന് പേർക്ക് പാമ്പുകടിയേറ്റു

 
Snake

കോഴിക്കോട്: സംസ്ഥാനത്ത് പാമ്പുകടി കേസുകൾ വർധിക്കുന്നു. കോഴിക്കോടും ആലപ്പുഴയിലുമായി മൂന്ന് പേർക്ക് പാമ്പ് കടിയേറ്റതായി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് രണ്ട് പേർക്ക് പാമ്പ് കടിയേറ്റു. ഉള്ള്യേരി സ്വദേശി സുധീഷിന് വീട്ടുമുറ്റത്ത് നിന്നാണ് കടിയേറ്റത്. വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വീട്ടുമുറ്റത്ത് വച്ചാണ് കടിയേറ്റത്. കാല്‍വിരലിന് കടിയേറ്റ ഉടനെ ശക്തിയായി കുടഞ്ഞതിനെ തുടര്‍ന്ന് പാമ്പ് ദൂരേക്ക് തെറിച്ചുപോയി.

താമരശേരി സ്വദേശി 20കാരിയായ ശിൽപയ്ക്കും വീടിന് സമീപത്ത് നിന്നാണ് കടിയേറ്റത്. രണ്ട് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ആലപ്പുഴയിൽ കൈനകരി സ്വദേശി വാസപ്പനെ പാമ്പ് കടിച്ചു. വയലിലൂടെ വീട്ടിലേക്ക് നടന്നുവരുന്നതിന്റെ ഇടയിൽ കാലിൽ പാമ്പ് കടിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഏതു പാമ്പാണ് കടിച്ചത് എന്നത് തിരിച്ചറിഞ്ഞിട്ടില്ല.

സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്നും ജനവാസമേഖലകളിൽ നിന്ന് വിഷപ്പാമ്പുകളെ കണ്ടെത്തി. കോഴിക്കോട് കല്ലാച്ചിയിൽ തലനാരിഴയ്ക്കാണ് വിദ്യാർത്ഥി പാമ്പ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. പാമ്പിൻ്റെ കൊത്തേറ്റത് അബ്ദുൽ റാനിഷിൻ്റെ പാൻ്റ്സിലായത് കൊണ്ട് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

എറണാകുളം കാലടിയിലും പെൺകുട്ടി പാമ്പുകടിയേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ചെടി നനയ്ക്കുന്നതിനിടെ ചെടിച്ചട്ടിയിൽ നിന്നും പാമ്പ് പുറത്ത് വരികയായിരുന്നു.

കോഴിക്കോട് ഉള്ള്യേരിയില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലി സ്ഥലത്ത് പെരുമ്പാമ്പിനെ കണ്ടെത്തി. പുതിയോട്ടിൽ പറമ്പിൽ പണിയെടുക്കുന്നതിനിടെ പാമ്പിനെ കണ്ടതോടെ പേടിച്ചോടിയ സ്ത്രീക്ക് വീണ് പരിക്കേറ്റു. എറണാകുളം അങ്കമാലിയിൽ ട്രാൻസ്ഫോർമറിനുള്ളിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി. കരയാംപറമ്പ് മാഞ്ഞാലി തോടിന് സമീപത്താണ് പാമ്പിനെ കണ്ടെത്തിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തി പാമ്പിനെ പിടികൂടി.

Tags

Share this story

From Around the Web