“സമാധാനത്തിന്റെ ഒരു വർഷം കെട്ടിപ്പടുക്കാൻ ഇന്നുതന്നെ ആരംഭിക്കൂ”: പുതുവർഷത്തിൽ ലെയോ പാപ്പ
‘സമാധാനത്തിന്റെ ഒരു വർഷം കെട്ടിപ്പടുക്കാൻ ഇന്നുതന്നെ ആരംഭിക്കുക’ എന്ന് പുതുവർഷ സന്ദേശത്തിൽ ലെയോ പതിനാലാമൻ പാപ്പ. പുതുവർഷത്തിൽ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഒത്തുകൂടിയ ഏകദേശം 40,000 പേരെ അഭിവാദ്യം ചെയ്‌തുകൊണ്ടു സംസാരിക്കുകയായിരുന്നു പാപ്പ. അതോടൊപ്പം, സമാധാനത്തിനും എല്ലാ നന്മകൾക്കും വേണ്ടിയുള്ള ഹൃദയംഗമമായ ആശംസകളും പാപ്പ നേർന്നു. ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയ്ക്കും പാപ്പ ആശംസകൾ നേർന്നു.
1968 ൽ വി. പോൾ ആറാമൻ മാർപാപ്പയുടെ ആഗ്രഹപ്രകാരം കഴിഞ്ഞ 58 വർഷമായി ജനുവരി ഒന്നിന് ലോക സമാധാനദിനമായി ആഘോഷിക്കുന്നുണ്ടെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. “സമാധാനം, നിരായുധവും നിരായുധീകരണവുമാണ്. അത് ദൈവത്തിൽ നിന്നാണ് വരുന്നത്. അവന്റെ നിരുപാധിക സ്നേഹത്തിന്റെ ഒരു സമ്മാനമാണ്. അത് നമ്മുടെ ഉത്തരവാദിത്വത്തിൽ ഏൽപിക്കപ്പെട്ടിരിക്കുന്നു” – പാപ്പ പറഞ്ഞു.
‘ക്രിസ്തുവിന്റെ കൃപയാൽ നമ്മുടെ ഹൃദയങ്ങളെ നിരായുധീകരിച്ച്, എല്ലാ അക്രമങ്ങളിൽ നിന്നും വിട്ടുനിന്നുകൊണ്ട്, സമാധാനത്തിന്റെ ഒരു വർഷം കെട്ടിപ്പടുക്കാൻ ഇന്ന് ആരംഭിക്കാൻ’ പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു. ദൈവമാതാവായ മറിയം പുതുവർഷത്തിലെ നമ്മുടെ യാത്രയിൽ നമ്മെ നയിക്കട്ടെ എന്നും പാപ്പ കൂട്ടിച്ചേർത്തു.