എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതാൻ ഒരുങ്ങുന്നത്. ഇന്ന് എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾ നടക്കും. പ്ലസ് ടു പരീക്ഷ നാളെ ആണ് ആരംഭിക്കുന്നത്. സംസ്ഥാനത്ത് 3,031 പരീക്ഷാ കേന്ദ്രങ്ങളിലായി 4,17,497 വിദ്യാർഥികളാണ് എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്നത്.
എസ്എസ്എൽസി പരീക്ഷ രാവിലെ 9:30 മുതലും ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ ഉച്ചക്ക് ശേഷവുമാണ് നടക്കുന്നത്. എസ്എസ്എൽസി പരീക്ഷ മാർച്ച് 30 നും ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ 28 നും അവസാനിക്കും. മലയാളം തമിഴ്, കന്നട ഉൾപ്പെടെയുള്ള ഒന്നാം ഭാഷകളിൽ ആണ് ഇന്ന് രാവിലെ പരീക്ഷ നടക്കുക. ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർഥിൾക്ക് ഇംഗ്ലീഷ് പരീക്ഷയാണ് ഇന്ന് നടക്കുക.
അതേസമയം, യുദ്ധ സാഹചര്യത്തിൽ ഗൾഫ് മേഖലയിൽ ഈ ആഴ്ച പൊതു പരീക്ഷകളില്ല. ഗൾഫ് മേഖലയിൽ 633 പേരും ലക്ഷദ്വീപിൽ 386 പേരുമാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഗൾഫ് മേഖലയിലെവ്യാഴാഴ്ചയിലെ എസ്എസ്എൽസി പരീക്ഷയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലെ ഹയർസെക്കൻഡറി പരീക്ഷകളുമാണ് മാറ്റിയത്. ഇവർക്ക് പിന്നീട് പ്രത്യേകം പരീക്ഷ നടത്തും.