ലോകസമാധാനത്തിനായി ഏപ്രിൽ 11 ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പ്രത്യേക ജാഗരണ പ്രാർഥന: പ്രഖ്യാപനം നടത്തി ലെയോ പാപ്പ
Apr 6, 2026, 08:56 IST
ഏപ്രിൽ 11 ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ലോകസമാധാനത്തിനായി പ്രത്യേക ജാഗരണ പ്രാർഥന നടത്തുമെന്ന് ലെയോ പതിനാലാമൻ പാപ്പ പ്രഖ്യാപിച്ചു.
ഈസ്റ്റർ ദിനത്തിൽ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ നിന്ന് നൽകിയ പരമ്പരാഗതമായ ‘ഉർബി എത്ത് ഓർബി’ സന്ദേശത്തിനിടെയാണ് മാർപാപ്പ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
ആയുധങ്ങൾക്കും രാഷ്ട്രീയനീക്കങ്ങൾക്കുമപ്പുറം പ്രാർഥനയുടെ ശക്തിയിൽ വിശ്വസിക്കാൻ മാർപാപ്പ ലോകത്തോട് ആഹ്വാനം ചെയ്തു. “യുദ്ധം സൃഷ്ടിക്കുന്ന മുറിവുകളുണക്കാൻ ദൈവകാരുണ്യത്തിനു മാത്രമേ സാധിക്കൂ. സമാധാനത്തിനായി ദാഹിക്കുന്ന ലോകമെമ്പാടുമുള്ള ജനങ്ങൾ ഈ പ്രാർഥനയിൽ പങ്കുചേരണം” – പാപ്പ അഭ്യർഥിച്ചു.
ഏപ്രിൽ 11 ശനിയാഴ്ച വൈകുന്നേരം വത്തിക്കാനിൽ നടക്കുന്ന ഈ ശുശ്രൂഷയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും സഭാനേതാക്കളും പങ്കെടുക്കും.