സര്‍ക്കാര്‍ ജോലിക്ക് ക്രിസ്ത്യാനികള്‍ക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ്, സംവരണ ക്വാട്ട വര്‍ധിപ്പിക്കണം, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്ക് ക്ഷേമനിധി; ജെബി കോശി കമ്മീഷന്‍ ശുപാര്‍ശ

 
jb kosehy

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസുകളില്‍ ക്രിസ്ത്യാനികള്‍, നാടാര്‍, മതം മാറിയ ക്രിസ്ത്യാനികള്‍ എന്നിവരുടെ കുറവ് നികത്താന്‍ പ്രത്യേക റിക്രൂട്ട്‌മെന്റ് വേണമെന്ന് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ.

ബിരുദ, ബിരുദാനന്തര കോഴ്‌സുകളില്‍ ലാറ്റിന്‍ കത്തോലിക്കര്‍ക്കും ആംഗ്ലോ-ഇന്ത്യക്കാര്‍ക്കും 3 ശതമാനം സംവരണം നല്‍കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നാക്ക ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കുള്ള സംവരണം ആറു ശതമാനമായി വര്‍ധിപ്പിക്കണമെന്നും ജെബി കോശി കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

മദ്രസ അധ്യാപകര്‍ക്കുള്ളതിന് സമാനമായി സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കു ക്ഷേമനിധി ഏര്‍പ്പെടുത്തുക എന്നതാണ് മറ്റൊരു ശുപാര്‍ശ. ദലിത് ക്രിസ്ത്യാനികള്‍ വലിയ വിവേചനമാണ് നേരിടുന്നത്. അതിനാല്‍ പട്ടികജാതി (എസ്സി) സമൂഹം അനുഭവിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അവര്‍ക്ക് നല്‍കണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക, വിദ്യാഭ്യാസ, ക്ഷേമ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായിട്ടാണ് സര്‍ക്കാര്‍ ജെ ബി കോശി കമ്മീഷന്‍ തൂപീകരിച്ചത്. കമ്മീഷന്‍ 2023 ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും, സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും ദലിത് സമുദായങ്ങളില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ക്ക് മികച്ച പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുമുള്ള നിരവധി നടപടികള്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

സര്‍ക്കാര്‍ ജോലികളില്‍ ലാറ്റിന്‍ കത്തോലിക്കര്‍ക്കും ദലിത് ക്രിസ്ത്യാനികള്‍ക്കും ഉള്ള പ്രാതിനിധ്യം പഠിക്കുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, രാഷ്ട്രീയമായി പ്രാധാന്യമുള്ള ഈ ശുപാര്‍ശകള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും.

പിന്നാക്ക ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്ക് നിലവില്‍ സര്‍ക്കാര്‍ ജോലികളില്‍ 8 ശതമാനം സംവരണം ഉണ്ട്, എന്നാല്‍ വിദ്യാഭ്യാസത്തില്‍ 4 ശതമാനം മാത്രമേ ഉള്ളൂ. വിദ്യാഭ്യാസ ക്വാട്ട 6 ശതമാനം ആയി വര്‍ദ്ധിപ്പിക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഇത് LA/AI, നാടാര്‍, SCCC (ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത പട്ടികജാതി) വിഭാഗങ്ങള്‍ക്കിടയില്‍ 3:2:1 അനുപാതത്തില്‍ വിതരണം ചെയ്യണം. എയ്ഡഡ് മേഖലയിലെ എല്ലാ ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനങ്ങളിലും 20% കമ്മ്യൂണിറ്റി ക്വാട്ട വേണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു.

സണ്‍ഡേ സ്‌കൂള്‍, വേദപഠനം, മതപഠനം എന്നിവയിലെ അധ്യാപകര്‍ക്കായി കേരള മദ്രസ അധ്യാപക ക്ഷേമനിധി നിയമത്തിന് സമാനമായ ഒരു നിയമം കൊണ്ടുവരണമെന്നും, സര്‍ക്കാര്‍ സഹായം ഇവരുടെ ക്ഷേമനിധിയിലേക്കും വ്യാപിപ്പിക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

സ്വാശ്രയ മെഡിക്കല്‍, നഴ്സിംഗ്, പാരാമെഡിക്കല്‍ കോളജുകളില്‍, സര്‍ക്കാര്‍ അനുവദിച്ച സീറ്റുകളില്‍ 20% കമ്മ്യൂണിറ്റി ക്വാട്ടയ്ക്കായി സംവരണം ചെയ്യണമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ശേഷിക്കുന്ന 50% സീറ്റുകളില്‍ 30% ജനറല്‍ കമ്മ്യൂണിറ്റി ക്വാട്ടയും 20% മാനേജ്മെന്റ് ക്വാട്ടയും സ്ഥാപനത്തിന്റെ സമുദായത്തിനാകണം. പ്രവേശനം മെറിറ്റ് അടിസ്ഥാനമാക്കിയാകണം.

ന്യൂനപക്ഷ ക്ഷേമ വകുപ്പിലും ന്യൂനപക്ഷ കമ്മീഷന്‍, ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍, ന്യൂനപക്ഷ ക്ഷേമ സമിതികള്‍ എന്നിവയുള്‍പ്പെടെയുള്ളവയുടെ കീഴിലുള്ള സ്ഥാപനങ്ങളിലും ക്രിസ്ത്യാനികള്‍ക്ക് ആനുപാതിക പ്രാതിനിധ്യം ലഭിക്കണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. മതവികാരം സംരക്ഷിക്കുന്നതിന് റിപ്പോര്‍ട്ട് ഊന്നല്‍ നല്‍കുന്നു,

ക്രിസ്ത്യന്‍ വിശ്വാസത്തെയോ ആചാരങ്ങളെയോ നേതൃത്വത്തെയോ അപമാനിക്കുന്ന സിനിമകള്‍, പ്രസിദ്ധീകരണങ്ങള്‍, ചിത്രങ്ങള്‍ അല്ലെങ്കില്‍ രചനകള്‍ എന്നിവയ്ക്കെതിരെ രേഖാമൂലമുള്ള പരാതികള്‍ ഉണ്ടായാല്‍ നിയമനടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags

Share this story

From Around the Web