ലെയോ പാപ്പയുമായി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി സ്പാനിഷ് പ്രധാനമന്ത്രി
ലെയോ പതിനാലാമൻ മാർപാപ്പയുമായി വത്തിക്കാനിൽ വച്ച് കൂടിക്കാഴ്ച നടത്തി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. ജൂണിൽ മാർപാപ്പയുടെ സ്പെയിനിലേക്കുള്ള അപ്പസ്തോലിക യാത്രയ്ക്ക് മുന്നോടിയായിട്ടാണ് ഈ കൂടിക്കാഴ്ച നടന്നത്.
മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പ്രധാനമന്ത്രി, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള വത്തിക്കാൻ ബന്ധങ്ങൾക്കായുള്ള സെക്രട്ടറി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതായി പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ്സ് ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
ലോകമെമ്പാടുമുള്ള സംഘർഷങ്ങളുടെ പ്രത്യാഘാതങ്ങൾ, കുടിയേറ്റം, ബഹുരാഷ്ട്രവാദത്തിന്റെ പ്രാധാന്യം, അന്താരാഷ്ട്ര നിയമങ്ങളോടുള്ള ബഹുമാനം, സമാധാനത്തെ പിന്തുണയ്ക്കുന്നതിൽ നിരന്തരമായ പ്രതിബദ്ധതയുടെ അടിയന്തിര ആവശ്യകത എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര വിഷയങ്ങൾ ചർച്ച ചെയ്തതായി പ്രസ്സ് ഓഫീസ് അറിയിച്ചു. കൂടാതെ, പരസ്പരബഹുമാനത്തെ അടിസ്ഥാനമാക്കിയുള്ളതും പൊതുനന്മ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതുമായ പ്രാദേശികസഭയും സർക്കാർ അധികാരികളും തമ്മിൽ ഫലപ്രദമായ സംഭാഷണം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത, അതുപോലെതന്നെ സിവിൽ സമൂഹത്തിന്റെ വിവിധ ഘടകങ്ങൾക്കിടയിൽ പൊതുതാൽപര്യമുള്ള വിഷയങ്ങൾ എന്നിവയും ഇരുവരും ചർച്ച ചെയ്തു.