സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി, പ്രതി ജയില്‍ ചാടിയത് കണ്ണൂര്‍ സെൻട്രൽ ജയിലില്‍ നിന്നും സെല്ലിന്റെ കമ്പി മുറിച്ചുമാറ്റി

സൗമ്യകൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂര്‍ ജയിലില്‍ നിന്നാണ് പ്രതി ജയില്‍ ചാടിയത്. ജയില്‍ ചാടുന്നതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കും. പുലര്‍ച്ചെ ഒന്നരയോടെയാണ് ജയില്‍ ചാടിയത്. 10-ബി ബ്ലോക്കിലായിരുന്നു ഗോവിന്ദച്ചാമിയെ തടവില്‍ പാര്‍പ്പിച്ചിരുന്നത്. ജയില്‍ മേധാവി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
സെല്ലിലെ കമ്പി മുറിച്ച് സെല്ലില്‍ നിന്നും പുറത്തിറങ്ങി തുടര്‍ന്ന് വെള്ളമെടുക്കാന്‍ സൂക്ഷിച്ചിരുന്ന ഡ്രമ്മില്‍ ചവിട്ടി ജയിലിനുള്ളിലെ മതില്‍ ചാടി ക്വാറന്റീന്‍ ബ്ലോക്കിലെത്തി. തുടര്‍ന്ന് ക്വാറന്റീന്‍ ബ്ലോക്കിലെ മതിലിനോട് ചേര്‍ന്ന മരം വഴി കമ്പിയും പുതപ്പും ഉപയോഗിച്ച് കെട്ടി രക്ഷപ്പെട്ടു. പുറത്തുനിന്ന് സഹായം ലഭിച്ചതായും സംശയമുണ്ട്. ഗോവിന്ദച്ചാമിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9446899506 എന്ന നമ്പറുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിക്കുന്നു.
2011 ഫെബ്രുവരി ഒന്നിനാണ് ട്രെയിന്‍ യാത്രക്കിടെ സൗമ്യ ആക്രമിക്കപ്പെട്ടത്. എറണാകുളത്ത് നിന്നും ഷൊര്‍ണൂരിലേക്ക് പോവുകയായിരുന്ന തീവണ്ടിയിലെ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട് യുവതിയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഫെബ്രുവരി ആറിനാണ് മരിച്ചത്.