മുഖ്യമന്ത്രി പ്രഖ്യാപനം വഴിമുട്ടി, സോണിയാ ഗാന്ധി ഇടപെട്ടില്ല, കേരളത്തിൽ അനിശ്ചിതത്വം തുടരുന്നു
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കഴിയാതെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രതിസന്ധിയിൽ. ഭരണം പിടിച്ച മറ്റ് സംസ്ഥാനങ്ങളിൽ പ്രഖ്യാപനങ്ങൾ പൂർത്തിയായെങ്കിലും കേരളത്തിൽ കടുത്ത ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിൽ സോണിയാ ഗാന്ധി ഇതുവരെ നേരിട്ട് ഇടപെട്ടിട്ടില്ലാത്തതാണ് അനിശ്ചിതത്വത്തിന് പ്രധാന കാരണം.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോണിയാ ഗാന്ധിയുമായി ചർച്ച ചെയ്ത ശേഷമായിരിക്കുമെന്ന് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഇതുവരെയും സോണിയയുമായി ഇക്കാര്യത്തിൽ കൂടിക്കാഴ്ച നടത്തിയിട്ടില്ല. വി.ഡി. സതീശന് എം.എൽ.എമാർക്കിടയിൽ കൂടുതൽ പിന്തുണയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും എ.ഐ.സി.സി ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പിന്തുണ സംബന്ധിച്ച കണക്കുകൾ വെറും പ്രചാരണം മാത്രമാണെന്നാണ് പാർട്ടി വൃത്തങ്ങളുടെ നിലപാട്.
കേരളത്തിലെ ഗ്രൂപ്പ് പോരുകളും നേതാക്കൾക്കിടയിലെ തർക്കങ്ങളും തണുത്ത ശേഷം മാത്രം മതി പ്രഖ്യാപനം എന്ന നിലപാടിലാണ് ഹൈക്കമാൻഡ്. ഇതൊരു 'കൂളിംഗ് പിരീഡ്' ആണെന്നാണ് കെ.സി. വേണുഗോപാൽ പക്ഷത്തിന്റെ വിശദീകരണം. അനാവശ്യ ധൃതി കാട്ടി പാർട്ടിക്കുള്ളിൽ വിള്ളലുണ്ടാക്കാൻ ഹൈക്കമാൻഡ് ആഗ്രഹിക്കുന്നില്ല.
തെരഞ്ഞെടുപ്പ് നടന്ന ഇതര സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാർ അധികാരമേറ്റു കഴിഞ്ഞു. കേരളത്തിൽ മാത്രമാണ് ഈ വൈകൽ ദൃശ്യമാകുന്നത്. ഹൈക്കമാൻഡ് പ്രതിനിധികൾ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷം വരും ദിവസങ്ങളിൽ സോണിയാ ഗാന്ധിയുടെ നിലപാട് നിർണ്ണായകമാകും. സസ്പെൻസ് തുടരുമ്പോൾ അണികളും നേതാക്കളും ഒരുപോലെ ആകാംക്ഷയിലാണ്.