മകനേ മടങ്ങിവരൂ. കേരളത്തിലുള്ള ബ്രിട്ടീഷ് യുദ്ധവിമാനത്തെ 'പരസ്യമോഡലാക്കി' യുകെയിലെ റെസ്റ്ററന്റും. ചായക്കടയ്ക്ക് മുൻപിൽ പാർക്ക് ചെയ്തിരിക്കുന്ന യുദ്ധവിമാനവും പൈലറ്റിനെയും പരസ്യത്തിൽ കാണാം

രണ്ടാഴ്ചയിലേറെയായി ഒരു 'വിശിഷ്ടാതിതിഥി' കേരളത്തിലുണ്ട്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയ ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനമാണ് ആ വിവിഐപി. സദാസമയവും ഉപഗ്രഹക്കണ്ണിലും ശക്തമായ കാവലിന് നടുവിലും വിശ്രമിക്കുന്ന ഈ യുദ്ധവിമാനത്തെ ഉപയോഗിച്ച് കേരള ടൂറിസം ചെയ്ത പരസ്യം കഴിഞ്ഞദിവസം വൈറലായിരുന്നു.
ഇപ്പോഴിതാ, കേരളാ ടൂറിസത്തിന് പുറമെ മറ്റൊരു കൂട്ടര്‍ കൂടി ബ്രിട്ടീഷ് യുദ്ധവിമാനത്തെ തങ്ങളുടെ പരസ്യ മോഡലാക്കിയിരിക്കുകയാണ് .മാഞ്ചസ്റ്ററിലെ ഒരു കേരളാ റെസ്റ്ററന്റാണ് കേരളാ ടൂറിസത്തിന്റെ ചുവടുപിടിച്ച് രസകരമായ പരസ്യമുണ്ടാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് എഫ്-35 യുദ്ധവിമാനത്തോടായി, മകനെ മടങ്ങിവരു എന്ന് പറയുന്നതാണ് പരസ്യവാചകം .
കേരളത്തിന്റെ രുചി തങ്ങള്‍ മാഞ്ചസ്റ്ററില്‍ വിളമ്പുമ്പോള്‍ നീ എന്തിന് അവിടെ തന്നെ നില്‍ക്കുന്നുവെന്നും കേരളാ റെസ്റ്ററന്റ് എഫ്-35 യുദ്ധവിമാനത്തോട് ചോദിക്കുന്നു. കേരളത്തിലെ ചായക്കടയ്ക്ക് മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന യുദ്ധവിമാനവും അവിടെ നിന്ന് ഹെല്‍മെറ്റും കൈയില്‍ പിടിച്ച് ചായ കുടിക്കുന്ന പൈലറ്റിനേയും പരസ്യത്തിൽ കാണാം .
പരസ്യത്തിന്റെ ക്യാപ്ഷനിലും രസകരമായ വാചകങ്ങളുണ്ട്. കളിക്കാനുള്ള സമയം കഴിഞ്ഞു, കേരളത്തിന്റെ ആകാശത്തുനിന്ന് മാഞ്ചസ്റ്ററിന്റെ ഹൃദയത്തിലേക്ക് മടങ്ങി വരാൻ സമയമായി,തങ്ങള്‍ കേരളത്തെ യുകെയിലേക്ക് കൊണ്ടുവന്നിരിക്കുന്നു, സ്വന്തം മണ്ണിനെ ഇവിടെ പുനഃസൃഷ്ടിച്ചിട്ടുള്ളപ്പോള്‍ എന്തിനാണ് തിരികെ പോകുന്നത്.
ഓരോ കടിയിലും ദൈവത്തിന്റെ സ്വന്തം നാട് ഇവിടെ ജീവിക്കുന്നു .കേരളത്തിന്റെ വൈബിനായി ഗൗരവത്തോടെ കൊതിക്കുന്നതുവരെ ഇതൊരു തമാശയായി എടുക്കണമെന്നും പോസ്റ്റിന്റെ അവസാനവരിയായി ചേര്‍ത്തിട്ടുണ്ട്. ബ്രിട്ടീഷ് പാര്‍ലമെന്റിലടക്കം ചര്‍ച്ചയായ കേരളത്തിലിറങ്ങിയ യുദ്ധവിമാനത്തെ കേരള ടൂറിസം പ്രമോഷനായി വളരെ ഫലപ്രദമായാണ് ഉപയോഗിച്ചിരിക്കുന്നത്. കേരളത്തിന്റെ മനോഹാരിത ചൂണ്ടിക്കാട്ടി,
ഒരിക്കലും വിട്ടുപോകാന്‍ ആഗ്രഹിക്കാത്ത സ്ഥലമാണിതെന്ന് കേരളത്തിലെത്തിയ എഫ്-35 വിമാനം പരസ്യത്തില്‍ പറയുന്നത്. കേരളം അത്രയ്ക്ക് മനോഹരമായ സ്ഥലമാണ്, എനിക്ക് വിട്ടു പോകാന്‍ താല്‍പ്പര്യമില്ല' എന്നു കുറിച്ചുകൊണ്ട് എഫ്-35 വിമാനം ഫൈവ് സ്റ്റാര്‍ റേറ്റിങ് നല്‍കി ശുപാർശ ചെയ്യുന്നതാണ് പരസ്യം .