സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അൾത്താരയെ ഒരാള്‍ മലിനമാക്കി: റിപ്പോര്‍ട്ട്

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അൾത്താര അജ്ഞാതൻ മലിനമാക്കിയതായി കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച നിരവധി തീർത്ഥാടകരുടെ മുൻപിൽ വച്ചായിരുന്നു സംഭവം. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ അവിടെനിന്നും മാറ്റി. അൾത്താര മലിനമാക്കിയ ആളുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ബസിലിക്കയിൽ നിരവധി ആളുകൾ ഉണ്ടായിരുന്നിട്ടും ആ വ്യക്തി അൾത്താരയിൽ കയറി മൂത്രമൊഴിക്കുകയായിരുന്നു. ഉടൻതന്നെ ബസിലിക്കയിൽ മഫ്തിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ അയാളെ ബസിലിക്കയിൽ നിന്നും പുറത്തേക്കു കൊണ്ടുപോയി എന്ന് ‘കൊറിയേര ദെല്ലാ സേറാ’ എന്ന പത്രം റിപ്പോർട്ട് ചെയ്യുന്നു.
എന്നിരുന്നാലും പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഒക്ടോബർ 11 വരെ സംഭവത്തെക്കുറിച്ച് ഒരു പ്രസ്താവനയും പുറത്തിറക്കിയിരുന്നില്ല. ഈ വർഷം ഇതാദ്യമായല്ല മാർപാപ്പ കുർബാന അർപ്പിക്കുന്ന അൾത്താരയ്ക്കു നേരെ അക്രമം ഉണ്ടാകുന്നത്.
ഫെബ്രുവരിയിൽ, ഒരാൾ ബലിപീഠത്തിനു മുകളിൽ കയറുകയും ബലിപീഠത്തിലുണ്ടായിരുന്ന ആറ് മെഴുകുതിരികൾ നിലത്തേക്ക് എറിഞ്ഞ് നശിപ്പിക്കുകയും ചെയ്ത് അൾത്താരയെ മലിനമാക്കിയിരുന്നു.