സൊമാലിയയിൽ ഭക്ഷണവിതരണം നിലയ്ക്കുന്നു; ലക്ഷക്കണക്കിന് ആളുകൾ പട്ടിണി ഭീഷണിയിൽ

 
somalia

സൊമാലിയയിൽ നൽകിവരുന്ന ജീവൻരക്ഷാ ഭക്ഷ്യസഹായം, ഫണ്ടിന്റെ കുറവ് മൂലം ഏപ്രിൽ മാസത്തോടെ പൂർണ്ണമായും നിലച്ചേക്കുമെന്ന് മുന്നറിയിപ്പ് നൽകി ലോക ഭക്ഷ്യപദ്ധതി. നിലവിൽ രാജ്യത്തെ 44 ലക്ഷത്തിലധികം ആളുകൾ കടുത്ത പട്ടിണിയിലാണ് കഴിയുന്നത്. മഴയുടെ കുറവും ആഭ്യന്തരയുദ്ധങ്ങളും പട്ടിണിയുടെ ആക്കം കൂട്ടിയതോടെ രാജ്യം വലിയൊരു മാനുഷിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

ഭക്ഷ്യസഹായം കുറഞ്ഞതോടെ ലക്ഷക്കണക്കിന് കുടുംബങ്ങൾ പട്ടിണിയുടെ വക്കിലാണെന്ന് അധികൃതർ വ്യക്തമാക്കി. പണമില്ലാത്തതിനാൽ സഹായം ലഭിക്കുന്നവരുടെ എണ്ണം ഇതിനോടകം തന്നെ വലിയ തോതിൽ കുറയ്ക്കാൻ സന്നദ്ധസംഘടനകൾ നിർബന്ധിതരായിട്ടുണ്ട്. ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും നൽകിവന്നിരുന്ന പോഷകാഹാര പദ്ധതികൾ നിർത്തലാക്കിയതും സ്ഥിതി കൂടുതൽ വഷളാക്കി.

അടുത്ത കുറച്ചു മാസങ്ങളിലെ പ്രവർത്തനങ്ങൾക്കായി ഏകദേശം 95 ദശലക്ഷം ഡോളർ സഹായമാണ് സൊമാലിയ ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ലോകരാജ്യങ്ങളിൽ നിന്ന് അടിയന്തരമായി സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കിൽ രാജ്യം വലിയൊരു ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവരും. സൊമാലിയയെ സഹായിക്കാൻ അന്താരാഷ്ട്രസമൂഹം ഉടൻ ഇടപെടണമെന്നാണ് ലോക ഭക്ഷ്യപദ്ധതി അഭ്യർഥിക്കുന്നത്.

Tags

Share this story

From Around the Web