സ്ത്രീകള്‍ നയിക്കുമ്പോഴെ സമൂഹം മുന്നേറൂ, വനിത ബില്ലില്‍ പിന്തുണ തേടി എംപിമാര്‍ക്ക് കത്തയച്ച് പ്രധാനമന്ത്രി, അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി ബിജെപി
ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാസാക്കുന്നതിൽ സഹകരണം തേടി പാർലമെന്റ് അംഗങ്ങൾക്ക് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകൾ നയിക്കുമ്പോഴേ സമൂഹം മുന്നേറൂ എന്നും ജനാധിപത്യത്തെ ശക്തിപ്പെടുത്താനാണ് ഈ ചരിത്രനിയമമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബിൽ പരിഗണിക്കുന്ന ഏപ്രിൽ 16 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ സഭയിൽ നിർബന്ധമായും ഹാജരാകണമെന്ന് ബിജെപി തങ്ങളുടെ അംഗങ്ങൾക്ക് വിപ്പ് നൽകി.
അടുത്ത ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ വനിതാ സംവരണത്തോടെ നടത്തേണ്ടത് അനിവാര്യമാണെന്ന് എംപിമാർക്കയച്ച കത്തിൽ മോദി ചൂണ്ടിക്കാട്ടി. ബിൽ നടപ്പിലാക്കുന്നതിനെക്കുറിച്ച് രാഷ്ട്രീയ പാർട്ടികളുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ഈ ചരിത്രപരമായ ചുവടുവെപ്പിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഏപ്രിൽ 16 മുതൽ പാർലമെന്റിൽ ഇതുസംബന്ധിച്ച സുപ്രധാന ചർച്ചകൾ ആരംഭിക്കും.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് രാഷ്ട്രീയ ലാഭത്തിനായാണ് സർക്കാർ ധൃതിയിൽ ബിൽ കൊണ്ടുവരുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി. ബിൽ പാസാക്കുന്നതിന് മുൻപായി സർവ്വകക്ഷി യോഗം വിളിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിൽ ബിൽ അവതരിപ്പിക്കുന്നതിന് പകരം, വോട്ടെടുപ്പ് കഴിഞ്ഞാലുടൻ സർവ്വകക്ഷി യോഗം വിളിച്ച് സമവായമുണ്ടാക്കണമെന്നും ഖാർഗെ കത്തിൽ ആവശ്യപ്പെട്ടു.
സർക്കാർ ബില്ലുമായി മുന്നോട്ട് പോകുമ്പോൾ പ്രതിപക്ഷം ഉന്നയിക്കുന്ന നടപടിക്രമങ്ങളിലെ പോരായ്മകൾ സഭയിൽ കടുത്ത വാദപ്രതിവാദങ്ങൾക്ക് വഴിവെക്കും. വരും ദിവസങ്ങളിൽ പാർലമെന്റിൽ വനിതാ സംവരണത്തെച്ചൊല്ലി വലിയ രാഷ്ട്രീയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.