സംസ്ഥാനത്തെ ചെറുകിട ബോട്ടുകൾക്ക് വൻതുക ലൈസൻസ് ഫീസ് ചുമത്തുന്നു; മത്സ്യ തൊഴിലാളികൾ പ്രതിസന്ധിയില്‍

സംസ്ഥാനത്തെ ചെറുകിട ബോട്ടുകൾക്ക് വൻ തുക ലൈസൻസ് ഫീസ് ചുമത്തിയത് മത്സ്യ തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വലിയ ബോട്ടുകൾക്കുള്ള ഭീമമായ ഫീസ് നിരക്ക് ചെറിയ ബോട്ടുകൾക്കും ഏർപ്പെടുത്തി തൊഴിൽ തന്നെ ഇല്ലാതാക്കുകയാണെന്നാണ് ആരോപണം. നിരക്ക് കുറക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏഴ് വർഷത്തിനിടെ പലതവണ നിവേദനങ്ങൾ നൽകിയിട്ടും സർക്കാർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് മത്സ്യ തൊഴിലാളികൾ പറയുന്നു.
2018ലാണ് എല്ലാ മത്സ്യബന്ധന ബോട്ടുകൾക്കും ഒരേ ലൈസൻസ് ഫീസ് നിരക്ക് ഏർപ്പെടുത്തിയത്. 100 എച്ച്‌പി മുതൽ 120 എച്ച്‌പി വരെയുള്ള എഞ്ചിൻ പവർ ഉപയോഗിച്ച് , പരമാവധി 10 നോട്ടിക്കൽ മൈൽ ദൂരം പോയി മത്സ്യബന്ധനം നടത്തുന്ന ചെറിയ ബോട്ടുകാർക്കാണ് ഇത് തിരിച്ചടിയായത്. ഇതോടെ ലൈസൻസ് ഫീസ് 2,120 രൂപയിൽ നിന്നും 12 ഇരട്ടി വർധിപ്പിച്ച്, 26,250 രൂപയായി.
450 എച്ച്പി-500 എച്ച്പി വരെ എഞ്ചിൻ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന വലിയ ബോട്ടുകളും ഇതേ ഫീസ് അടച്ചാൽ മതി. പരമാവധി ആറ് പേർ മാത്രം ജോലിക്കുപോകുന്ന ചെറിയ ബോട്ടുകൾക്ക് വൻകിട ബോട്ടുകളുടെ ഫീസ് നൽകേണ്ടി വരുന്നതോടെ മത്സ്യ തൊഴിലാളികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്.
വലിയ ബോട്ടുകൾ ഉപയോഗിച്ച് ഏഴ് മുതൽ എട്ട് ദിവസം വരെ കടലിൽ ജോലി ചെയ്യാൻ സാധിക്കും. എന്നാൽ ചെറിയ ബോട്ടുകാർക്ക് ഒരു ദിവസം 13 മണിക്കൂറിൽ കൂടുതൽ കടലിൽ ജോലി ചെയ്യാൻ അനുവാദമില്ല. മാത്രമല്ല, ട്രോളിങ് നിരോധനം കഴിഞ്ഞാൽ വലിയ ബോട്ടുകാർക്ക് പത്തരമാസം ജോലിയുണ്ട്. ചെറിയ ബോട്ടുകാർക്ക് ആറു മാസം വരെയെ ജോലിയുള്ളൂ.
ലൈസൻസ് ഫീസ് അടയ്ക്കാൻ ദിവസങ്ങൾ മാത്രം വൈകിയാൽ പോലും ഫിഷറീസ് വകുപ്പ് ഭീമമായ പിഴ ചുമത്തുന്നതായും ആരോപണം ഉണ്ട്. മത്സ്യബന്ധന സാമഗ്രിയായ സ്ക്വയർ മെഷ് ക്വാഡ്രന്റിന് 4200 രൂപയും, ക്ഷേമ നിധിയിലേക്ക് 5400 രൂപയുമടക്കം മൊത്തം 35,850 രൂപയാണ് ബോട്ടുകൾ അടക്കേണ്ടത്.
വർഷത്തിൽ ഏഴ് മാസം മാത്രം മത്സ്യബന്ധനം നടത്തുന്ന ചെറിയ ബോട്ടുകാരാണ് ഇത്രയും ഭീമമായ തുക അടക്കേണ്ടത്. ബോട്ടുകളുടെ നീളവും, വീതിയും, എഞ്ചിന്റെ പവറും അനുസരിച്ച് ലൈസൻസ് ഫീസ് നിശ്ചയിച്ച് ഈ നിരക്കിൽ മാറ്റം കൊണ്ടുവരണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
ഡീസൽ സബ്‌സിഡി നിർത്തലാക്കിയതിൽ നേരത്തെ മത്സ്യതൊഴിലാളികൾ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. ഫിഷറീസ് വകുപ്പിന്റെ നടപടികൾക്കെതിരെ നിയമ നടപടികൾക്കും, പ്രക്ഷോഭങ്ങൾക്കും ഒരുങ്ങാനാണ് ബോട്ടുടമകളുടെ തീരുമാനം.
മത്സ്യബന്ധന മേഖല ഏറെ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഉപജീവനത്തിനായി കടലിൽ പോകുന്ന പരമ്പരാഗത - ചെറുകിട മത്സ്യ തൊഴിലാളി സമൂഹമാണ് ഏറെയും ദുരിതമനുഭവിക്കുന്നത്. വലിയ ബോട്ടുകൾക്കും, ചെറിയ ബോട്ടുകൾക്കും ഒരേ നിരക്ക് ഈടാക്കുന്നത് അനീതിയാണ്. ഇത് പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് തൊഴിലുകളുടെ ആവശ്യം.