ലെയോ പതിനാലാമൻ പാപ്പയുമായി കൂടിക്കാഴ്ച നടത്തി സിംഗപ്പൂർ പ്രസിഡന്റ്
സിംഗപ്പൂർ പ്രസിഡന്റ് തർമൻ ഷൺമുഖരത്നം വത്തിക്കാനിലെത്തി ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. മാർച്ച് അഞ്ചിന് നടത്തിയ കൂടിക്കാഴ്ചയിൽ സിംഗപ്പൂരും വത്തിക്കാനും തമ്മിലുള്ള ഊഷ്മളമായ ബന്ധം കൂടുതൽ ദൃഢമാക്കുന്ന സംഭാഷണങ്ങൾ ആണ് നടന്നത്.
സിംഗപ്പൂരിലെ വിവിധ മതവിഭാഗങ്ങൾക്കിടയിലുള്ള സമാധാനപരമായ സഹവർത്തിത്വത്തെയും പരസ്പര ബഹുമാനത്തെയും മാർപാപ്പ അഭിനന്ദിച്ചു. വൈവിധ്യമാർന്ന സംസ്കാരങ്ങൾ നിലനിൽക്കുന്ന സിംഗപ്പൂരിന്റെ മാതൃക ലോകത്തിന് വലിയൊരു സന്ദേശമാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു. ആധുനിക കാലത്തെ പ്രധാന ചർച്ചാവിഷയമായ നിർമ്മിത ബുദ്ധി (Artificial Intelligence) തൊഴിൽ മേഖലയിലും ആഗോള സുസ്ഥിരതയിലും വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് ഇരുവരും സംസാരിച്ചു. സാങ്കേതികവിദ്യ മാനവികതയുടെ നന്മയ്ക്കായി എങ്ങനെ ഉപയോഗിക്കാമെന്നതിൽ സഭയുടെയും സിംഗപ്പൂരിന്റെയും കാഴ്ചപ്പാടുകൾ പങ്കുവച്ചു.
ആയുധങ്ങൾക്കും വെറുപ്പിനും പകരം ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് ലെയോ പാപ്പ ആഹ്വാനം ചെയ്തു. സിംഗപ്പൂരിലെ വിദ്യാഭ്യാസ, സാമൂഹിക സേവന മേഖലകളിൽ കത്തോലിക്കാ സഭ നൽകുന്ന വലിയ സംഭാവനകളെ പ്രസിഡന്റ് തർമൻ ഷൺമുഖരത്നം നന്ദിയോടെ സ്മരിച്ചു.
മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രസിഡന്റ് തർമൻ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ, വിദേശകാര്യ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗാലഗർ എന്നിവരുമായും ചർച്ചകൾ നടത്തി. മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളും അന്താരാഷ്ട്ര സഹകരണവും ഈ ചർച്ചകളിൽ വിഷയമായി.