ഷൊര്‍ണൂര്‍- നിലമ്പൂര്‍ മെമു സർവീസ് ഇന്ന് മുതൽ; യാത്രാക്ലേശത്തിന് പരിഹാരമാകും, പുറപ്പെടുക രാത്രി

 
22222

ഷൊര്‍ണൂര്‍- നിലമ്പൂര്‍ റെയില്‍വേ പാതയില്‍ ആദ്യ മെമു സര്‍വീസ് ശനിയാഴ്ച രാത്രി തുടങ്ങും. രാത്രികാല സർവീസാണിത്. ഷൊര്‍ണൂരില്‍ നിന്ന് രാത്രി 8.35-നാണ് നിലമ്പൂരിലേക്ക് യാത്ര ആരംഭിക്കുക. നിലമ്പൂർ ലൈനിൽ വൈദ്യുതീകരണം പൂർത്തീകരിച്ചതോടെയാണ് മെമു മലയോര പട്ടണത്തിലേക്ക് എത്തുന്നത്.

നിരവധി ദീർഘദൂര ട്രെയിനുകൾക്കുള്ള കണക്ഷനായും ഈ ട്രെയിൻ മാറും. രാത്രി 8.35-ന് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടുന്ന മെമു 10.05-ന് നിലമ്പൂരില്‍ എത്തും. പിന്നീട്, പുലര്‍ച്ചെ 3.40-ന് നിലമ്പൂരില്‍ നിന്ന് പുറപ്പെട്ട് ഷൊര്‍ണൂരില്‍ 4.55-ന് എത്തും. ഓരോ മിനുട്ട് വീതമാണ് സ്റ്റേഷനുകളില്‍ നിര്‍ത്തുക.

വല്ലപ്പുഴയിൽ 8.49നും കുലുക്കല്ലൂരിൽ 8.54നും ചെറുകരയിൽ 9.01-നും അങ്ങാടിപ്പുറത്ത് 9.10-നും എത്തും. പട്ടിക്കാട് 9.17-നും മേലാറ്റൂരിൽ 9.25-നും വാണിയമ്പലത്ത് 9.42നും നിലമ്പൂര്‍ റോഡ് സ്റ്റേഷനിൽ 10.05-നും എത്തും. പുലര്‍ച്ചെയുള്ള സര്‍വീസിന് വാണിയമ്പലം (3.49), അങ്ങാടിപ്പുറം (4.24), ഷൊര്‍ണൂര്‍ (4.55) എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പുള്ളത്.

അതേസമയം ഷൊര്‍ണൂരില്‍ നിന്ന് രാത്രിയുള്ള പുറപ്പെടല്‍ 9.15 ആക്കണമെന്ന ആവശ്യം യാത്രക്കാർക്കുണ്ട്. സമയം പിന്തിച്ചാൽ വന്ദേഭാരതിന് കണക്ഷന്‍ ലഭിക്കുമെന്നതാണ് പ്രധാന പ്രയോജനം. ആലപ്പുഴ, കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിനും ജനശതാബ്ദിക്കും കണക്ഷന്‍ ഉറപ്പിക്കാം.

Tags

Share this story

From Around the Web