അമേരിക്കന്‍ സ്കൂളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനിടെ വെടിവെയ്പ്പ്; 2 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു, 18 പേര്‍ക്ക് പരിക്ക്

അമേരിക്കയിലെ മിന്നിപോളിസിലെ കത്തോലിക്ക സ്കൂളില്‍ പ്രഭാത വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനിടെ വെടിവയ്പ്പില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്.
ബുധനാഴ്ച രാവിലെ മിന്നിപോളിസിലെ അനൗൺസിയേഷൻ സ്കൂളിനോട് ചേര്‍ന്നുള്ള ദേവാലയത്തിലാണ് വെടിവെയ്പ്പ് ഉണ്ടായത്. എട്ടും പത്തും വയസ്സുള്ള വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ നിരവധി വിദ്യാര്‍ത്ഥികളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രാവിലെ എട്ടരയോടെ വിശുദ്ധ കുർബാനയ്ക്കായി ദേവാലയത്തില്‍ എത്തിച്ചേര്‍ന്നിരിന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പുറത്ത് നിന്ന് തോക്കുധാരി വെടിവെയ്ക്കുകയായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്.
പള്ളിയുടെ വശത്ത് ജനാലകളിലൂടെയായിരിന്നു വെടിവെയ്പ്പ്. 14 കുട്ടികളടക്കം 18 പേർക്ക് പരിക്കേറ്റതായി മിന്നിപോളിസ് പോലീസ് മേധാവി ബ്രയാൻ ഒ'ഹാര മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിരപരാധികളായ കുട്ടികൾക്കും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍ക്കും നേരെ അക്രമി മനഃപൂർവം നടത്തിയ അക്രമമായിരുന്നു ഇതെന്ന് ബ്രയാൻ ഒ'ഹാര വ്യക്തമാക്കി.